Latest News

വാഹനാപകടമെന്ന് പോലീസും ക്രൈം ബ്രാഞ്ചും എഴുതിത്തള്ളിയ ബിജെപി നേതാവിന്റെ മരണത്തിന് പിന്നിലും ജംഇയ്യത്തുല്‍ ഇസ്ഹാനിയ

മലപ്പുറം: 24 വർഷം മുൻപ് മലപ്പുറം കൊളത്തൂരിൽ ബിജെപി നേതാവ് ചെമ്മലശ്ശേരി മൂർക്കത്ത് മോഹനചന്ദ്രൻ മരിച്ചതിനു പിന്നിലും ജം ഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടനയെന്നു വെളിപ്പെടുത്തൽ. വാഹനാപകടമെന്ന് പോലീസും ക്രൈം ബ്രാഞ്ചും എഴുതിത്തള്ളിയ കേസിലാണ് നിർണായക വഴിത്തിരിവ്.[www.malabarflash.com]
ആർഎസ്എസ് നേതാവ് തൊഴിയൂർ സുനിൽ വധക്കേസിൽ ബുധനാഴ്ച അറസ്റ്റിലായ ജം ഇയ്യത്തുൽ ഇസ്ഹാനിയ സ്ഥാപക നേതാവ് കൊളത്തൂർ ചെമ്മലശ്ശേരി പൊതുവകത്ത് ഉസ്മാൻ(51), തൃശൂർ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകതൊടിയിൽ യൂസഫലി(52) എന്നിവരാണ് മോഹനചന്ദ്രന്റെ മരണവും കൊലപാതകമായിരുന്നെന്ന് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്. 

സുനിലിന്റെയും മോഹനചന്ദ്രന്റെയും കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ ജീപ്പ് ആണെന്ന് പ്രതികൾ സമ്മതിച്ചു. ജീപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മോഹനചന്ദ്രന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി നിർദേശിച്ചു.

1994 ഡിസംബർ 4ന് ആണ് തൊഴിയൂർ സുനിലിനെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയത്. 8 മാസത്തിനു ശേഷം 1995 ഓഗസ്റ്റ് 19ന് ആണ് മോഹനചന്ദ്രന്റെ മരണം. മലപ്പുറം പാലൂർ അങ്ങാടിയിൽ പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന മോഹനചന്ദ്രൻ രാത്രി കടയടച്ച് സൈക്കിളിൽ വീട്ടിലേക്കു പോകുന്നതിനിടെ വാഹനമിടിച്ച് മരിച്ചെന്നായിരുന്നു പോലീസിന്റെ നിഗമനം. പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷിച്ചെങ്കിലും തെളിവില്ലാത്തതിനാൽ 2006ൽ കേസ് അവസാനിപ്പിച്ചു.

എന്നാൽ, സെയ്തലവി അൻവരി, വഴിക്കടവ് അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഇസ്ഹാനിയ പ്രവർത്തകരുടെ നാലംഗ സംഘം മോഹനചന്ദ്രനെ ജീപ്പിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പിടിയിലായവർ പോലീസിനോടു പറഞ്ഞു.

സുനിൽവധം അടക്കം സമാന സ്വഭാവമ‍ുള്ള 8 കൊലക്കേസുകൾക്കു പിന്നിൽ ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടനയാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി.

വാൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതെങ്ങനെയെന്ന് ജംഇയ്യത്തുൽ ഇസ്ഹാനിയ പ്രവർത്തകർക്കു യൂസഫലി ക്ലാസുകൾ നടത്തിയിരുന്നതായി ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു. യൂസഫലി മുൻപ് തൃശൂരിൽ രാജീവ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. 

സുനിൽ വധക്കേസിൽ അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് ദുബായിലേക്കു കടന്ന യൂസഫലിയെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച് കൊച്ചി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.