Latest News

മേയര്‍ സൗമിനി ജെയിനെ മാറ്റാത്തതിനെച്ചൊല്ലി ഇന്ദിരാഗാന്ധി അനുസ്മരണ യോഗത്തില്‍ കയ്യാങ്കളി

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജയിനെ മാറ്റാത്തതിനെതിരെ എറണാകുളം ഡിസിസിയില്‍ കയ്യാങ്കളി. ഇന്ദിരാ ഗാന്ധി അനുസ്മരണ യോഗത്തിനിടയില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ എന്തുകൊണ്ടു മാറ്റുന്നില്ലെന്ന ചോദിച്ചു രംഗത്തു വന്നതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.[www.malabarflash.com

മേയര്‍ സൗമിനി ജെയിന്‍, പ്രഫ കെ വി തോമസ്,മുന്‍ മന്ത്രി കെ ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.ചടങ്ങില്‍ എന്‍ വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടന്‍ അപ്രതീക്ഷിതമായി നോര്‍മന്‍ ജോസഫ് എഴുന്നേറ്റ് നില്‍ക്കുകയും മേയറെ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നും ഇവരെയൊക്കെ സംരക്ഷിച്ച് നിര്‍ത്തുന്നത് എന്തിനാണെന്നും നോര്‍മന്‍ ജോസഫ് ചോദിച്ചു. താനടക്കമുള്ള നേതാക്കളോട് പോലും മേയര്‍ മാന്യമായി പെരുമാറുന്നില്ലെന്നും നോര്‍മന്‍ ജോസഫ് പറഞ്ഞു. പാര്‍ട്ടിക്കാരെ മുഴുവന്‍ പുച്ഛത്തോടെ കാണുന്ന ഇത്തരമൊരു മേയറെ ആര്‍ക്കാണ് ആവശ്യം. ഒരു നിമിഷം വൈകാതെ ഇവരെ മാറ്റണമെന്നും മേയറെ ചൂണ്ടിക്കാട്ടി നോര്‍മന്‍ ജോസഫ് പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ എഴുന്നേറ്റ് വന്ന് ഇദ്ദേഹത്തോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ രോഷത്തോടെ ഇദ്ദേഹം പ്രതികരിക്കുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി മുന്നോട്ട് വന്നു. ഇതോടെ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് വീണ്ടും നേതാക്കള്‍ ഇദ്ദേഹത്തെ ബലമായി ഹാളിനു സമീപത്തെ ലിഫ്റ്റിനു സമീപത്തെത്തിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നേതാക്കളെ നോര്‍മന്‍ തട്ടിമാറ്റി.

സംഭവം വിവാദമായതോടെ സംഭവം വിവാദമായതോടെ നോര്‍മന്‍ ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസഡിന്റ് അറിയിച്ചു. മേയറെ മാറ്റണമെന്ന് മാധ്യമങ്ങളിലടക്കം പറഞ്ഞ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തിരിക്കുന്നതെന്ന് നോര്‍മന്‍ ജോസഫ് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ടി തലത്തില്‍ കാര്യങ്ങള്‍ പറയണമെന്നാണ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്.അതാണ് താന്‍ മാധ്യമങ്ങളില്‍ പറയാതെ പാര്‍ടി തലത്തില്‍ തന്നെ പറഞ്ഞത്.കഴിഞ്ഞ ദിവസം രണ്ടു കൗണ്‍സിലര്‍മാര്‍ മേയറെ അനൂകൂലിച്ച് മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. അവര്‍ക്കെതിരെയൊന്നും നടപടിയില്ല.കോണ്‍ഗ്രസിലെ ധാരണ പ്രകാരം കളമശേരി നഗരസഭ ചെയര്‍പേഴ്‌സണെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും കാലാവധിയുടെ അടിസ്ഥാനത്തില്‍ മാറ്റി.അവര്‍ മാന്യമായിട്ടാണ് മാറിയത്.

മേയറെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെടുന്നത് കൊച്ചിയിലെ ജനങ്ങള്‍ക്കുവേണ്ടിയാണെന്നും നോര്‍മന്‍ പറഞ്ഞു.ഉപതിരഞ്ഞെടുപ്പില്‍ മേയര്‍ സൗമിനി ജെയിന്റെ ബൂത്തില്‍ ടി ജെ വിനോദ് മൂന്നാം സ്ഥാനത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.