Latest News

പണംതട്ടിയ കേസില്‍ സരിത നായര്‍ക്കും ബിജുവിനും മൂന്നുവര്‍ഷം തടവ്

കോയമ്പത്തൂര്‍: വ്യവസായിയെ കബളിപ്പിച്ച് പണംതട്ടിയ കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തടവുശിക്ഷ.[www.malabarflash.com]

കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്നു പറഞ്ഞ് കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയില്‍ നിന്ന് 26 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, ആര്‍ പി രവി എന്നിവരെ കോയമ്പത്തൂര്‍ കോടതി മൂന്നുവര്‍ഷം തടവിനും 10000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 

കോയമ്പത്തൂര്‍ വടവള്ളി സ്വദേശി രാജ് നാരായണന്‍ ടെക്‌സ്‌റ്റൈല്‍സ് എംഡി ത്യാഗരാജന്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവ്. 2009ല്‍ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്‍സി ആന്റ് മാനേജ്‌മെന്റ് സര്‍വീസസ് എന്ന പേരില്‍ സരിത നായര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിങ് ഡയറക്ടറും ആര്‍ പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 

പണം കൈപ്പറ്റിയ ശേഷം വിവിധ കമ്പനികളില്‍ തന്റെ പേരുകൂടി ചേര്‍ത്ത പരസ്യം നല്‍കുകയല്ലാതെ യന്ത്രങ്ങളൊന്നും സ്ഥാപിച്ചില്ലെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മൂന്നുപേര്‍ക്കുമെതിരേ മറ്റു ചില വ്യവസായികളും സമാന രീതിയിലുള്ള പരാതികള്‍ നല്‍കിയിരുന്നു. ഇവയെല്ലാം കോടതിയുടെ പരിഗണനയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.