Latest News

ചുവപ്പ് കടല്‍ തീര്‍ത്ത് മഞ്ചേശ്വരത്ത് എല്‍എഡിഎഫിന്റെ കൊട്ടിക്കലാശം

മഞ്ചേശ്വരം: തെരഞ്ഞെടുപ്പ‌ിന്റെ പരസ്യപ്രചാരണങ്ങൾക്ക‌് സമാപനം കുറിച്ച‌് നടന്ന കൊട്ടിക്കലാശത്തിലും എൽഡിഎഫ‌് തരംഗം. സ‌്ത്രീകളടക്കമുള്ള ആയിരങ്ങളാണ്‌ കുമ്പള, ഉപ്പള, ഹൊസങ്കടി, പെർള എന്നിവിടങ്ങളിൽ പ്രചാരണ സമാപനത്തിൽ എൽഡിഎഫ്‌ വിജയം പ്രഖ്യാപിച്ച്‌ അണിചേർന്നത‌്.[www.malabarflash.com]

സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഭവന സന്ദർശനങ്ങൾ, ആരാധനാ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിങ്ങനെ ചിട്ടയായ പ്രവർത്തനം നടത്തിയ എൽഡിഎഫ‌് മൂന്നാം റൗണ്ട‌ും പൂർത്തിയാക്കിയിരുന്നു. മൂന്ന‌് ഘട്ടങ്ങളിലും എൽഡിഎഫ‌് പ്രചരണ രംഗത്ത‌് നേടിയ മുന്നേറ്റമാണ്‌ കൊട്ടികലാശത്തിൽ പ്രതിഫലിച്ചത്‌. 

ആവേശത്തിന്റെ അലകടലിളക്കി മുന്നോട്ടു കുതിച്ച പ്രവർത്തകരെ ഉപ്പള ജങ‌്ഷനിൽവച്ചു ശങ്കർ റൈയും എൽഡിഎഫ്‌നേതാക്കളും അഭിവാദ്യം ചെയ‌്തു. ലീഗിൽ നിന്ന്‌ രാജിവച്ചു എൽഡിഎഫിലേക്ക്‌ വന്നവരെ സമാപനവേദിയിൽ വരവേറ്റത്‌ ആവേശം വാനോളം ഉയർത്തി. 

കുമ്പളയിൽ ദർശിച്ചത്‌ എൽഡിഎഫിന്റെ വിജയാരവമായിരുന്നു. അറബി കടലിന്റെ തീരത്തുള്ള കുമ്പള ടൗണിൽ യുവജനങ്ങൾ സമാന്തരമായി ചുവപ്പ്‌ കടൽ തീർത്തു. 
കുമ്പള, പുത്തിഗെ പഞ്ചായത്തുകളിൽ നിന്ന്‌ ഒഴുകിയെത്തിയ പ്രവർത്തകർ കുമ്പളയെ ചുവപ്പിച്ചു. എം ശങ്കർ റൈയുടെ ചിത്രങ്ങളും ചെഗുവേരയുടെ ചിത്രങ്ങളുള്ള ചെങ്കൊടികളും പൂക്കാവടിയും കഥകളി വേഷങ്ങളും ആവേശമായി. കൊട്ടിക്കലാശം തീരാൻ അഞ്ച്‌ നിമിഷം ബാക്കിയിരിക്കെ എത്തിയ എം ശങ്കർ റൈ വലിയ ആരവമുയർത്തി. 

വാഹനത്തിന്‌ മുകളിൽ കയറി അദ്ദേഹം ജനങ്ങളോട്‌ സംസാരിച്ചപ്പോൾ ചുവപ്പ്‌ സാഗരം ഇളകി മറിഞ്ഞു. എംഎൽഎമാരായ ടി രാജേഷ്‌, എം രാജഗോപാലൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ സംസാരിച്ചു.
ഹൊസങ്കടിയിൽ നടന്ന കൊട്ടി കലാശത്തിൽ മഞ്ചേശ്വരം, മീഞ്ച, വോർക്കാടി, പൈവളിഗെ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർ അണിനിരന്നു. തീരദേശത്തേയും മലയോരത്തേയും ചുവപ്പിച്ച്‌ വലിയ ജനസഞ്ചയമെത്തി. സത്യൻ മൊകേരി, കെ പി സതീഷ്‌ചന്ദ്രൻ, കെ ആർ ജയാനന്ദ, ജയരാമ ബള്ളക്കൂടൽ എന്നിവർ സംസാരിച്ചു. പെർളയിൽ അതിർത്തി ഗ്രാമങ്ങളെ ഇളക്കിമറിച്ചായിരുന്നു കൊട്ടിക്കകലാശം. സാബു അബ്രഹാം, സിജി മാത്യു, കെ രാജ്‌മോഹൻ, എസ്‌ സുധാകരൻ, കെ സബീഷ്‌, വി സുരേഷ്‌ ബാബു, വിനോദ്‌ പെർള, എം മഞ്ചുനാഥ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.