Latest News

യുവാവിനെ തലയില്‍ കല്ലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: യുവാവിനെ തലയില്‍ കല്ലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശി അക്കണ്ടപ്പ (30)യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.[www.malabarflash.com]

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. കര്‍ണാടക ബാഗല്‍കോട്ടയിലെ രംഗപ്പ ഗാജി (35)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ വിട്ടള (33)യെ വെറുതെവിട്ടു. 

2017 ഓഗസ്റ്റ് ഒമ്പതിനാണ് രംഗപ്പ ഗാജിയെ ചെര്‍ക്കള വി.കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും ഇതൊരു കൊലപാതകമാണെന്ന സംശയത്തിന് കാരണമായിരുന്നു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്. 

പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് വാരിയെല്ലുകള്‍ തിരുവനന്തപുരം പാത്തോളജി ലാബില്‍ പരിശോധന നടത്തിയതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുങ്ങിയ പ്രതികള്‍ കര്‍ണാടകയിലെ ബല്‍ഗാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ ഉത്സവസ്ഥലത്തുനിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. 

രംഗപ്പയും പ്രതികളും ചെര്‍ക്കളയില്‍ താമസിച്ച് കൂലിവേല ചെയ്തുവരികയായിരുന്നു. ചെര്‍ക്കള വി.കെ പാറയിലെ വിജനമായ സ്ഥലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.