Latest News

മരിച്ച മകൾക്കായി കുഴിയെടുത്ത പിതാവിന് മുന്നിൽ മണ്ണിനടിയിൽ ജീവനോടെ മറ്റൊരു കുഞ്ഞ്

ബറേലി: ജനിച്ച് നിമിഷങ്ങൾക്കകം ജീവൻ വെടിഞ്ഞ സ്വന്തം കുഞ്ഞിനെ അടക്കംചെയ്യാനായി ശ്മശാനത്തിൽ കുഴിയെടുത്ത പിതാവ് കണ്ടത് മണ്ണിനടിയിൽ മൺകുടത്തിൽ ജീവനോടെ കുഴിച്ചുമൂടിയ മറ്റൊരു കുഞ്ഞിനെ.[www.malabarflash.com] 

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മൺകുടത്തിൽ കണ്ടെത്തിയ കുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിക്കുകയാണ്.

വ്യാപാരിയായ ഹിതേഷ് കുമാർ സിരോഹിയാണ് തന്‍റെ കുഞ്ഞിനായി കുഴിയെടുത്തത്. ഹിതേഷ് കുമാറിന്‍റെ ഭാര്യയും ബറേലിയിലെ എസ്.ഐയുമായ വൈശാലിയെ ബുധനാഴ്ചയാണ് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇവർ ഗർഭം ധരിച്ച് ഏഴുമാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ച വൈശാലി പ്രസവിച്ചെങ്കിലും കുട്ടി ഏതാനും നിമിഷങ്ങൾക്കകം മരിച്ചു.

കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാൻ ഹിതേഷ് കുമാർ ശ്മശാനത്തിലെത്തി. കുഴിയെടുത്തപ്പോളാണ് മൂന്നടി താഴ്ചയിൽ ഒരു മൺകുടം ശ്രദ്ധയിൽ പെട്ടത്. അതിനകത്ത് ഒരു പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിലായിരുന്നു.

ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നും രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും സിറ്റി പോലീസ് സൂപ്രണ്ട് അഭിനന്ദൻ സിങ് പറഞ്ഞു.

പെൺകുഞ്ഞിന്‍റെ ചികിത്സ ചെലവുകൾ ബിതാരി ചൈൻപുർ എം.എൽ.എ രാജേഷ് മിശ്ര ഏറ്റെടുത്തതായി ബറേലി ചീഫ് മെഡിക്കൽ ഓഫിസർ വിനീത് ശുക്ല പറഞ്ഞു. കുഞ്ഞിനെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് ശനിയാഴ്ച മാറ്റിയിട്ടുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.