Latest News

തൃശ്ശൂരില്‍നിന്ന് കാണാതായ പമ്പ് ഉടമയുടെ മൃതദേഹം റോഡരികില്‍

തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം സ്വദേശിയായ മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍നിന്ന് കണ്ടെത്തിയത്. കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടനിലയിലായിരുന്നു മൃതദേഹം.[www.malabarflash.com]

കഴിഞ്ഞദിവസമാണ് മനോഹരനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. രാത്രി പമ്പില്‍നിന്ന് കാറില്‍ വീട്ടിലേക്ക് പോയ മനോഹരനെ കാണാതാവുകയായിരുന്നു. അര്‍ധരാത്രി 12.50-നായിരുന്നു മനോഹരന്‍ വീട്ടിലേക്ക് ഇറങ്ങിയത്. ഇതിനിടെ രാത്രി മനോഹരന്റെ മൊബൈല്‍ ഫോണിലേക്ക് വീട്ടുകാര്‍ വിളിച്ചെങ്കിലും അദ്ദേഹം ഉറങ്ങുകയാണെന്നായിരുന്നു ഫോണെടുത്തയാള്‍ നല്‍കിയ മറുപടി. ഇടയ്ക്ക് പെട്രോള്‍ പമ്പില്‍തന്നെ കിടക്കാറുള്ളതിനാല്‍ വീട്ടുകാര്‍ക്കും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ പിറ്റേദിവസവും മനോഹരനെക്കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് ഇവര്‍ പരാതി നല്‍കിയത്.

അതേസമയം, മനോഹരന്റെ മൃതദേഹം റോഡരികില്‍നിന്ന് കണ്ടെത്തിയെങ്കിലും ഇദ്ദേഹത്തിന്റെ കാറോ മൊബൈല്‍ ഫോണോ കണ്ടെടുക്കാനായിട്ടില്ല. രാത്രി വീട്ടുകാര്‍ വിളിച്ചപ്പോള്‍ ആരാണ് ഫോണ്‍കോള്‍ എടുത്ത് സംസാരിച്ചതെന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.