മഞ്ചേശ്വരം: എൽഡിഎഫ് സ്ഥാനാർഥി എം ശങ്കർറൈയെ പുത്തിഗെ പഞ്ചായത്തിൽ പര്യടനം. ധർമത്തടുക്കയിൽ രാവിലെ പര്യടനം ഉദ്‌ഘാടനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി നിർവഹിച്ചു. തുടർന്ന് മഞ്ചോടിയിലേക്ക്.[www.malabarflash.com]
അംഗഡിമൊഗറിൽ നിറഞ്ഞ സ്‌നേഹത്തോടെ വരവേൽപ്പ്. കാത്തുനിൽക്കുന്ന മുഹമ്മദ് കുഞ്ഞിയും നസീറുമൊക്കെ മാഷിന്റെ വിജയം ഉറപ്പാണെന്ന് വിളിച്ചുപറയുന്നു. പർളാടം പിന്നിട്ട് ദേലമ്പാടിയിലെത്തിയപ്പോൾ മാസ്‌റ്ററുടെ ജന്മനാടിന്റെ സ്‌നേഹപ്രകടനം.
എല്ലാവർക്കും കൈകൊടുക്കണം. യുവാക്കൾക്ക് സെൽഫിയെടുക്കണം. ആരെയും മുഷിപ്പിക്കുന്നില്ല ശങ്കർറൈ. ബാഡൂരിൽനിന്ന് ദേരടുക്കയിലെത്തുമ്പോൾ പകൽവെയിലിലും സ്‌നേഹച്ചൂട്. കട്ടത്തടുക്കയിൽ തുളുവിൽ പ്രസംഗിക്കുന്ന മാഷിന്റെ വാക്കുകൾ നിർത്തിയിട്ട കാറിലിരുന്ന് കേൾക്കുകയാണ് കുഞ്ഞിച്ച.
കൈരളി ടിവിക്ക് ചെറിയ ഇന്റർവ്യൂ നൽകി ചാറ്റൽമഴയിലൂടെ വാഹനത്തിലേക്ക്.
പുത്തിഗെയിലും മുണ്ട്യത്തടുക്കയിലും മഴയിലും കൂസാത്ത ആവേശം. പാടലടുക്കം, പൊന്നങ്കുളം എന്നിവിടങ്ങളിലെത്തുമ്പോൾ പകൽ ജോലി കഴിഞ്ഞെത്തിയവർ കാത്തുനിൽക്കുന്നു. അടുത്തടുത്ത കേന്ദ്രങ്ങളിൽ എളമരം കരീമും ടി കെ ഹംസയും പ്രസംഗിക്കുന്നുണ്ട്.
ബൈക്കിൽ ചെങ്കൊടി കെട്ടി അങ്ങോട്ടുപോകാൻ തിരക്ക് കൂട്ടുകയാണ് യുവാക്കൾ. സ്‌കൂൾ ബസ്സുകളിൽനിന്ന് കൈ പുറത്തേക്കിട്ട് വിളിക്കുന്ന വിദ്യാർഥികൾക്ക് മാസ്‌റ്ററുടെ പ്രത്യഭിവാദ്യം. സീതാംഗോളിയിലും സൂരംബയലിലും വൻ ജനാവലിയാണ് ശങ്കർറൈക്ക് അഭിവാദ്യവുമായി കാത്തുനിന്നത്. ബാലിയെ എതിർക്കുന്നവരുടെ പകുതി ശക്തി ബാലിക്ക് ലഭിക്കുമെന്ന പുരാണകഥയാണ് വെള്ളിയാഴ്‌ചത്തെ പ്രസംഗത്തിലെ കാതൽ.
ടി വി രാജേഷ് എംഎൽഎ, സാബു അബ്രഹാം, പി രഘുദേവൻ, ബങ്കളം കുഞ്ഞികൃഷ്‌ണൻ, ഡി സുബ്ബണ്ണ ആൾവ, വി കെ കുഞ്ഞിരാമൻ, കെ പി മൊയ്‌തീൻ, ഇ പത്മാവതി, പി ഇബ്രാഹിം, സാജു ജോസഫ്, എ വി രാമകൃഷ്‌ണൻ, സിദിഖലി മൊഗ്രാൽ, ജയരാമ, രാമകൃഷ്‌ണ കടമ്പാർ, മുനീർ കണ്ടാളം, എം ജെ ജോയി, വിട്ടൽ റൈ, മുഹമ്മദലി, എ വി ശിവപ്രസാദ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
No comments:
Post a Comment