Latest News

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും. പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കി.[www.malabarflash.com]

വിശ്വാസ്യതയില്ലാത്ത അന്വേഷണമാണു പോലീസ് നടത്തിയതെന്നു കോടതി പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച സിബിഐ അന്വേഷണ ഹർജിയിലാണു ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ഉത്തരവ്. 

ഇതു രാഷ്ട്രീയ കൊലയല്ല, വ്യക്തിവിരോധമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാനാവില്ല. ഇരട്ടക്കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയതാവാൻ സാധ്യതയുണ്ട്. പ്രതികൾ സിപിഎമ്മുകാരാണ്. സത്യത്തിനായി നിലകൊള്ളാൻ കോടതിക്കു ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ പറഞ്ഞു.

അന്വേഷണത്തിൽ അപാകതകളുണ്ട്. സാക്ഷികളെക്കാൾ, പ്രതികൾ പറഞ്ഞ കാര്യങ്ങളാണു പോലീസ് വിശ്വസിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്തവരെ പ്രതിചേർത്തില്ല– കോടതി ചൂണ്ടിക്കാട്ടി. 

ആദ്യപ്രതിയുടെ മൊഴി വച്ചാണ് കുറ്റപത്രം തയാറാക്കിയത്. ഈ കുറ്റപത്രത്തിൽ വിചാരണ നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നു പറഞ്ഞ കോടതി പോലീസ് അന്വേഷണം നീതിപൂര്‍വ്വമല്ലെന്നും പറഞ്ഞു. 

ഫൊറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നു വ്യക്തമാക്കിയ കോടതി പോലീസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാഷ്ട്രീയക്കൊലയെന്ന് ഏഫ്‌ഐആറില്‍ വ്യക്തമാണെന്ന് പറഞ്ഞ കോടതി, കൊലയ്ക്കു ശേഷം പ്രതികള്‍ പാര്‍ട്ടി ഓഫിസിലേക്കാണ് ആദ്യം പോയതെന്ന മൊഴി പോലീസ് കാര്യമായി എടുത്തില്ലെന്നും കുറ്റപ്പെടുത്തി. 

2019 ഫെബ്രുവരി 17ന് രാത്രിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെയോ സിപിഎം നേതാവ് വി.പി.പി. മുസ്തഫയെയോ കേസുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. 

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജിയിലാണു മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിശദീകരണം നല്‍കിയിരുന്നത്. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയമില്ലെന്നും സിപിഎമ്മിനോട് ഔദാര്യമൊന്നും കാണിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

രണ്ടാംപ്രതി സജി സി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ നിന്നു ബലമായി മോചിപ്പിച്ചതായി രേഖകളില്ല. സജി സ്വയം കീഴടങ്ങുകയായിരുന്നു. കെ.വി. കുഞ്ഞിരാമന്‍ അവിടെ ഉണ്ടായിരുന്നതായി അന്വേഷണ ഫയലുകളില്‍ കാണുന്നില്ല. കൊല്ലപ്പെട്ടവര്‍ക്ക് എതിരെ വി.പി.പി. മുസ്തഫയുടെ പ്രസംഗങ്ങളില്‍ വ്യക്തിപരമായ ഭീഷണി ഉണ്ടായിരുന്നില്ല. കല്യാട്ടെ കോണ്‍ഗ്രസുകാരോടു സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിനു കൊടിയ ശത്രുതയുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇരട്ടക്കൊല നടന്നത് ഇത്തരം പകയുടെ ഭാഗമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സത്യം കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. ചോദ്യം ചെയ്‌തെങ്കിലും ശാസ്ത ഗംഗാധരന്‍, മധു, ഹരി, വിക്രം എന്നിവരുടെ പങ്കാളിത്തം കണ്ടെത്താനായില്ല. അന്വേഷണത്തിലെ വീഴ്ചകളൊന്നും ഹര്‍ജിക്കാര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യപരമോ അല്ല. 

2019 മേയ് 20നു ഹൊസ്ദുര്‍ഗ് മജിസ്‌ട്രേട്ട് കോടതിയില്‍ 14 പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി. വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേക്കു വിട്ടിരിക്കുകയാണ്. സീനിയര്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഫലപ്രദമായി അന്വേഷിച്ച കേസ് സിബിഐക്കു വിടേണ്ട സാഹചര്യമില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും തെങ്ങു കയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം.സുരേഷ് (27), ഓട്ടോ ഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി.ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്‍.ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ.അശ്വിന്‍ (അപ്പു-18), പാക്കം വെളുത്തോളിയിലെ എ.സുബീഷ് (29), തന്നിത്തോട്ടെ എം.മുരളി (36), തന്നിത്തോട്ടെ ടി.രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന്‍ (42), ആലക്കോട് ബി.മണികണ്ഠന്‍, പെരിയയിലെ എന്‍.ബാലകൃഷ്ണന്‍, കെ.മണികണ്ഠന്‍ എന്നിവരാണ് 1 മുതല്‍ 14 വരെ പ്രതികള്‍. 229 സാക്ഷികള്‍, 105 തൊണ്ടി മുതലുകള്‍, അന്‍പതോളം രേഖകള്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.

പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് വന്ന ശേഷം കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ പ്രതികരണം. പോലീസ് കാണിച്ച നീതികേട് ഏറെ വേദനിപ്പിച്ചെന്ന് ശരത്തിന്റെ പിതാവ് സത്യനാരായണനും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.