Latest News

കൃത്യമായ ലക്ഷ്യബോധത്തോടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു; ജനങ്ങളെ കണ്ടുകൊണ്ട് ഭരിക്കുന്ന സര്‍ക്കാരായതിനാലാണ് കേരളത്തില്‍ ഈ മാറ്റങ്ങള്‍: മുഖ്യമന്ത്രി

മഞ്ചേശ്വരം: കൃത്യമായ ലക്ഷ്യത്തോടെ കാര്‍ഷിക രംഗം മെച്ചപ്പെടുത്താനുള്ള നടപടിയാണിപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

കഴിഞ്ഞ സര്‍ക്കാര്‍ വികസനത്തിന് ചെലവിട്ട പണം 61 ശതമാനമാണ്. എല്‍ഡിഎഫ് അത് 90 ശതമാനത്തിന് മേലെയാണെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇതാണ് വ്യത്യാസം. നാടിന്റെ അഭിവൃദ്ധിക്കു രൂപംകൊടുത്തിട്ട് കാര്യമില്ല, അത് നടപ്പാക്കണം. നടപ്പാക്കണമെങ്കില്‍ നാടിനോട് പ്രതിബദ്ധത വേണം. എന്നാലെ അത്തരം കാര്യം പൂര്‍ണതയിലെത്തൂ. ലാഭമായ പൊതുമേഖല സ്ഥാപനങ്ങള്‍ യുഡിഎഫ് നഷ്ടത്തിലാക്കി. നഷ്ടക്കണക്ക് 131 കോടി.എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 258 കോടി ലാഭത്തിലേക്കെത്തിച്ചു.

എല്‍ഡിഫ് സര്‍ക്കാര്‍ 1,20,000 പേര്‍ക്കാണ് പുതിയ തൊഴില്‍ നല്‍കിയത്. എന്നാല്‍ യുഡിഎഫിന്റെ കാലത്ത് നിയമനനിരോധനമായിരുന്നു ഉണ്ടായിരുന്നത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍. യുഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് കൊടുക്കാനുണ്ടായിരുന്നത് 1800 കോടി രൂപയാണ്. എല്‍ഡിഎഫ് ആദ്യം ചെയ്തത് അതെല്ലാം കൊടുത്തുതീര്‍ക്കുകയായിരുന്നു.

ജനങ്ങളെ കണ്ടുകൊണ്ട് ഭരിക്കുന്ന സര്‍ക്കാരാണിത്, അതാണീ മാറ്റങ്ങള്‍. ആരോഗ്യരംഗത്ത് കേരളമാണ് ഒന്നാമതെന്ന് നീതി ആയോഗ് കണക്കാക്കിയിരിക്കുന്നു. നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ വലിയ തോതില്‍ വികസിച്ചു വരുന്നു. താലൂക്ക് ആശുപത്രികള്‍ വികസിക്കുന്നു. അത്തരത്തില്‍ ആരോഗ്യ രംഗം വലിയ തോതില്‍ മെച്ചപ്പെടുകയാണ്.

ഇടമണ്‍ - കൊച്ചി പവര്‍ ഹൈവെ നടക്കില്ലെന്ന് വിചാരിച്ച് ഒഴിവാക്കിപോയവരാണ് പവര്‍ഗ്രിഡ്‌ കോര്‍പറേഷന്‍. എല്‍ഡിഎഫ് അവരെ തിരിച്ചുവിളിച്ചു. പണി പൂര്‍ത്തിയായിയിരിക്കുകായാണിപ്പോള്‍. അതുവഴി, 3,700 മെഗാവാട്ട് വൈദ്യുതി സുഖകരമായി പ്രവഹിക്കാനുള്ള സൗകര്യമാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ ഇതിനെ ഒക്കെ എതിര്‍ക്കുന്നുണ്ട്. നല്ല കാര്യംനടക്കുമ്പോള്‍ ചിലര്‍ എതിര്‍ശബ്ദമുണ്ടാക്കുന്നുവെന്ന് മാത്രം ഇതിനെ കണ്ടാല്‍ മതി. മത്സ്യത്തൊഴിലാളികള്‍ക്കായി നല്ല കരുതലോടെയാണ് എപ്പോഴും സര്‍ക്കാര്‍ നടപടി എടുക്കുക. അവരെ താമസിപ്പിക്കാന്‍ ഫ്‌ളാറ്റുകള്‍ ഒരുങ്ങുന്നു. 4500 വീട് നവീകരിക്കാന്‍ കഴിഞ്ഞു, 2000 ടോയിലറ്റുകള്‍, 4000 ലൈഫ് ജാക്കറ്റ് നല്‍കുന്ന പദ്ധതി, മറൈന്‍ ആംബുലന്‍സുകള്‍ എന്നിവയും തയ്യാറാവുകയാണ്.

കോണ്‍ഗ്രസിനും ബിജെപിയ്ക്കും രാഷ്ട്രീയം പറയാനെ ഇല്ല. പകരം സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്രമിക്കുക എന്ന രീതിയാണവര്‍ക്കുള്ളത്. സ്ഥാനാര്‍ഥി വിശ്വാസിയായതാണ് അവര്‍ക്ക് പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ തടിച്ചുകൂടിയ ജനാവലികളില്‍ മഹാഭൂരിപക്ഷവും വിശ്വാസികളല്ലെ. അവരെ പ്രതിനിധീകരിച്ച് പ്രത്യക്ഷത്തില്‍ വിശ്വാസി ആയിട്ടുള്ള ഒരാള്‍ പോകുന്നതില്‍ എന്താണ് തെറ്റ്. എന്താണ് വേവലാതി, പ്രതിപക്ഷ നേതാവിനും ബിജെപിക്കും. നല്ല തോതില്‍ വര്‍ഗീയ കാര്‍ഡിറക്കാനാണല്ലോ ശ്രമം നടക്കുന്നത്. കപട ഹിന്ദു എന്നാണ് ഇവിടുത്തെ സ്ഥാനാര്‍ഥിയെ കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

തന്റെ സ്ഥാനത്തിന് ചേര്‍ന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം അദ്ദേഹത്തിന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.