Latest News

സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് പെണ്‍വാണിഭം; രാഷ്ട്രീയ നേതാക്കളടക്കം നാലുപേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി: സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പാറയില്‍ അനസ്(37), കൊളക്കാട്ടില്‍ അബ്ദുര്‍റഹ്മാന്‍ എന്ന മാനു(37), പട്ടാളത്തില്‍ ബൈജു(37), പട്ടാളത്തില്‍ സന്തോഷ്(36) എന്നിവരെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]

അറസ്റ്റിലായവരില്‍ അബ്ദുര്‍റഹ്മാന്‍, അനസ് എന്നിവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. 

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ ജൂലൈ മാസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഉന്നതസ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പോലിസ് പ്രതികളെ രക്ഷിക്കാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു.
സംഭവത്തിലെ ഇരയായ പെണ്‍കുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനില്‍ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. 

പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാര്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ചെയ്തു നല്‍കിയെന്നാണു പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പട്ടാളത്തില്‍ സന്തോഷിനെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനാണു ശ്രമം നടന്നത്.

ഉന്നത രാഷ്ട്രീയ ഇടപെടല്‍ കാരണം കേസ് അവസാനിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. 

പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായും സൂചനയുണ്ട്. പലരുടെയും രക്ഷിതാക്കള്‍ അപമാനവും പ്രതികളില്‍ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാന്‍ തയ്യാറാവുന്നില്ലെന്നാണ് സൂചന. 

തിരൂരങ്ങാടിയിലെയും പരിസരത്തെയും പല വീടുകള്‍ പോലിസ് നിരീക്ഷണത്തിലാണ്. ചില വീടുകളിലും കടകളിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും ലാപ്‌ടോപും മറ്റും വീടുകളില്‍ നിന്നു പിടിച്ചെടുത്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.