Latest News

ബാബറി മസ്ജിദ്: കോടതി വിധി സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് പാണക്കാട് തങ്ങള്‍

മലപ്പുറം: ബാബറി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.[www.malabarflash.com]

 ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം ഏതുതരത്തിലായാലും സംയമനത്തോടെ അഭിമുഖീകരിക്കണം. മുസ്ലിംകളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ബാബരി മസ്ജിദെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മസ്ജിദിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിന്‍ബലത്തോടെ കോടതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. കോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമ വിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നീതിപീഠങ്ങളാണ് പൗരന്റെയും ദുര്‍ബലജനതയുടെയും സത്യവുംനീതിയും പുലരാന്‍ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ. കോടതി വിധിയെ മാനിക്കുമെന്ന് എക്കാലവും ഉറക്കെപറഞ്ഞിട്ടുള്ളവരാണ് വിശ്വാസികളെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയിൽ പറയുന്നു.

വിധിയുടെ പേരില്‍ നാടിന്റെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും ഭംഗം വരാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണം. രാജ്യത്തെ ഭൂരിപക്ഷസമുദായത്തിന്റെ കരുതലും സ്നേഹവും ഐക്യദാര്‍ഢ്യവും ഓരോ നിര്‍ണായകഘട്ടങ്ങളിലും ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ആ പരസ്പരസ്നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷമെന്നും തങ്ങള്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.