Latest News

വീട്ടുകാരെ അകത്ത് പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തു

കൊല്ലം: വീട്ടുകാരെ അകത്ത് പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തു. ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവരുടെ വീടാണ് മീയണ്ണൂര്‍ യുക്കോ ബാങ്ക് അധികൃതര്‍ കുടുംബാംഗങ്ങളെ അകത്താക്കി പൂട്ടിയത്. [www.malabarflash.com]

വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് വീട്ടുകാരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൂയപ്പള്ളി പോലിസ് കേസെടുത്തിട്ടുണ്ട്. 

ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറയുന്നത്. 

കശുവണ്ടി വ്യവസായം നടത്താന്‍ ഇരുവരും യൂക്കോ ബാങ്ക് കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പയെടുത്തിരുന്നു. വ്യവസായം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. സര്‍ക്കാര്‍ കശുവണ്ടി വ്യവസായികള്‍ക്കായി ബാങ്കുകളുമായി ചര്‍ച്ച നടത്തി തിരിച്ചടവിന് സാവകാശം കൊടുത്തെങ്കിലും ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയെന്നാണ് വ്യവസായികള്‍ ആരോപിക്കുന്നത്.
വീട്ടുടമസ്ഥനായ ഷൈന്‍ തോമസ് ഗേറ്റ് പുറത്തുനിന്ന് പൂട്ടി പുറത്തുപോയതായിരുന്നു. ഈ സമയമെത്തിയ ബാങ്കധികൃതര്‍ ഗേറ്റ് ചാടിക്കടന്നാണ് ജപ്തി നടപ്പാക്കിയത്. ഗേറ്റില്‍ മറ്റൊരുപൂട്ടിട്ട് സീല്‍ ചെയ്ത് പോവുകയായിരുന്നു. 

ഈസമയം സ്ത്രീകളും കുട്ടികളുമടക്കം വീട്ടുകാര്‍ അകത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ പൂട്ട് തല്ലിത്തകര്‍ത്താണ് അകത്തുണ്ടായിരുന്നവരെ രക്ഷിച്ചത്. നാട്ടുകാരുടെ പരാതിയില്‍ പൂയപ്പളളി പോലിസ് കേസെടുത്തു. പിന്നീട് ബാങ്കുകാരും സ്ഥലത്തെത്തി. പോലിസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി അന്തിമതീരുമാനം എടുക്കാനാണ് ധാരണയിലെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.