Latest News

രണ്ട് എം.പിമാരുടെ ഒമാനിലുള്ള കമ്പനിയിൽ ജോലി തരാം, ലക്ഷങ്ങൾ വാങ്ങി പെൺകുട്ടികളെ ഖത്തറിൽ എത്തിച്ച് കബളിപ്പിച്ച പ്രതികൾ യുവാക്കളെയും പറ്റിച്ചു

കുളത്തൂപ്പുഴ: ഖത്തറിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി പെൺകുട്ടികളെ വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസുകളടക്കം ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്നു ഞായാറാഴ്ച പിടിയിലായ കുളത്തൂപ്പുഴ ഡിപ്പോ ജംഗ്ഷന് സമീപം മൂലയിൽ വീട്ടിൽ സജിൻ ഷറഫുദ്ദീൻ (43). 

ആർ.എസ്.പി നേതാവിന്റെ മകനായ സജിൻ ഷറഫുദ്ദീൻ നാട്ടിൽ വിലസിയിരുന്നത് ആഡംബര വാഹനത്തിലായിരുന്നു.
ഒമാനിൽ പുതുതായി തുടങ്ങുന്ന ആശുപത്രിയിലേക്ക് വിസാ നൽകാമെന്ന് പറഞ്ഞാണ് വിവിധ ആശുപത്രികളിൽ ജോലി നോക്കിയിരുന്ന നഴ്സുമാരെ മുമ്പ് റിക്രൂട്ട് ചെയ്ത് പണംതട്ടിയത്. 

വിസാ ആവശ്യങ്ങൾക്കായി ഓരോരുത്തരിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. യാതൊരു തൊഴിലുമില്ലാത്ത പ്രതി തട്ടിപ്പിലൂടെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും കോടികളുടെ സ്വത്തുവകകളും സ്വന്തമാക്കിയിട്ടുണ്ട്. പരാതികളെ തുടർന്ന് നേരത്തെ പോലീസ് റെയ്ഡ് നടത്തി നിരവധിപേരുടെ സർട്ടിഫിക്കറ്റുകളും വ്യാജ വിസയുടെയും വിമാന ടിക്കറ്റുകളുടെയും പകർപ്പുകളും നൂറ് കണക്കിന് പേരുടെ പാസ്പോർട്ടും അനുബന്ധ രേഖകളും കണ്ടെടുത്തെങ്കിലും പിന്നീട് തടർനടപടി ഉണ്ടായില്ല.

ഇടുക്കി കുമളി, കണ്ണൂർ മട്ടന്നൂർ, അഞ്ചൽ, തൃശൂർ ചേലക്കര, തിരുവനന്തപുരം മ്യൂസിയം എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേരത്തെ കേസുകൾ നിലവിലുണ്ട്. കുളത്തൂപ്പുഴ സ്റ്റേഷനിൽ രണ്ട് കേസുകളും വാറണ്ടും നിലവിലുണ്ട്.

ആർ.എസ്.പി നേതാവിന്റെ മകനായ സജിൻ എം.പിമാരായ എൻ.കെ.പ്രേമചന്ദ്രന്റെയും പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. തന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തിയ പ്രതിക്കെതിരെ എൻ. കെ. പ്രേമചന്ദ്രൻ റൂറൽ എസ്. പിക്ക് പരാതി നൽകിയിരുന്നു.

മാസങ്ങളായി ഒളിവിലായിരുന്ന സജിൻ മടങ്ങിയെത്തിയെന്നറിഞ്ഞ് ഞായാറാഴ്ച രാവിലെയാണ് തട്ടിപ്പിന് ഇരയായവർ വീട് വളഞ്ഞത്. നാട്ടുകാരും സംഘടിച്ചു. പലതവണ കതകിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. കുളത്തൂപ്പുഴ പോലീസ് എത്തിയതോടെ സജിൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കുളത്തൂപ്പുഴ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം സ്വദേശികളായ 15 യുവാക്കളിൽ നിന്ന് നാലു ലക്ഷം രൂപ വീതം മൊത്തം അറുപതു ലക്ഷം വാങ്ങിയ സജിൻ സന്ദർശക വിസയിൽ ഇവരെ ഒമാനിലെത്തിച്ചശേഷം കടന്നുകളഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും എൻ.കെ. പ്രേമചന്ദ്രനും ഒമാനിൽ കമ്പനിയുണ്ടെന്നും അവിടെ ജോലി നൽകാമെന്നും പറഞ്ഞാണ് യുവാക്കളെ കൊണ്ടുപോയത്. ഇരുനേതാക്കൾക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും കാണിച്ചിരുന്നു. 

ജോലിയും ആഹാരവുമില്ലാതെ മാസങ്ങളോളം ഒമാനിൽ ഒറ്റപ്പെട്ടുപോയ യുവാക്കളെ മലയാളി സംഘടനകൾ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്. 

യുവാക്കളെ ഒമാനിലെത്തിച്ചശേഷം ചില സഹൃത്തുക്കളുടെ സഹായത്തോടെ ഇന്റർവ്യു നാടകങ്ങളും നടത്തിയിരുന്നതായി കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. 

2016ലാണ് സജിനെതിരെ ആദ്യം പരാതി ലഭിച്ചത്. മട്ടന്നൂ‌ർ കോടതിയിൽ ചെക്ക് കേസിലും പ്രതിയാണ്. പുനലൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.