Latest News

വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

ചെങ്ങന്നൂര്‍: കൊടുകുളഞ്ഞി വെണ്‍മണിയില്‍ വൃദ്ധദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയിലായി. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് മോഷ്ടിച്ച സ്വര്‍ണവും കണ്ടെത്തി.[www.malabarflash.com]


ചെന്നൈ- കോറമണ്ടല്‍ എക്‌സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്നു ഇവര്‍. ഇവര്‍ക്കുവേണ്ടി പോലിസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടാണ് പോലിസ് ഇവരെ തിരിച്ചറിഞ്ഞത്. തിരച്ചില്‍ നോട്ടീസ് ആര്‍പിഎഫ് എല്ലായിടത്തും കൈമാറിയിരുന്നു.

വിശാഖപട്ടണത്തെ റെയില്‍വേ പോലിസും ആര്‍പിഎഫുമാണ് പ്രതികളെ പിടികൂടിയത്. പിടിയിലാവരെ കേരളത്തിലെത്തിക്കാന്‍ പോലിസ് സംഘം വിമാനമാര്‍ഗം പുറപ്പെടും. 

ചൊവ്വാഴ്ച രാവിലെയാണ് വെണ്‍മണിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പോലിസിന് തുടക്കത്തില്‍തന്നെ സംശയമുണ്ടായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് പശ്ചിമബംഗാള്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഇവര്‍ വിളിച്ചുവരുത്തിയ രണ്ടുപേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 

മരിച്ച ദമ്പതിമാര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇവരുടെ മക്കള്‍ വിദേശത്താണ് ജോലിചെയ്യുന്നത്. ഇത് മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് കരുതുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.