Latest News

ഒരു വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍; വൈറലായി കുറിപ്പ്

കാസര്‍കോട്: കാസര്‍കോട് ചന്തേര പടിഞ്ഞാറേകരയിലെ രാകേഷ് എന്ന യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഐ.എ.എസ്.[www.malabarflash.com]

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്. വിധവയും ഏഴുവയസ്സുള്ള പെണ്‍കുഞ്ഞുമുള്ള യുവതിയെയാണ് രാകേഷ് വിവാഹം ചെയ്തത്. രാകേഷിന്റെ മാതൃക അനുകരണീയമായണെന്നും മറ്റുയുവാക്കള്‍ക്കും രാകേഷ് ഒരു മാതൃകയാകട്ടെയെന്നും കളക്ടര്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
എന്നും പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയൽ നോക്കുന്ന നേരത്താണ് വാട്സ്ആപ്പ് സന്ദേശങ്ങളിലൊന്ന് പ്രത്യേകം ശ്രദ്ധിച്ചത്, നമ്പർ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് മെസ്സേജ് വന്നത്, സാർ ഇന്ന് എന്റെ വിവാഹമാണ് സാർ വന്നിരുന്നെങ്കിൽ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും.

ഞാൻ വിവാഹം കഴിക്കുന്നത്‌ ഭർത്താവ് മരിച്ച 7 വയസ് ഉള്ള പെണ്കുട്ടിയുള്ള യുവതിയെ ആണ്. ഇത്രയും വായിച്ചപ്പോൾ എനിക്കു അദ്ദേഹത്തെ കാണണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. രാകേഷിന്റെ വാക്കുകൾ കൊള്ളിയാൻ പോലെ എന്റെ ഹൃദയത്തിൽ കൊണ്ടു. ഉടൻ തീരുമാനിച്ചു വിവാഹത്തിൽ തീർച്ചയായും പങ്കെടുക്കണം, ചന്ദേര പടിഞ്ഞാറേക്കരയിൽ രാകേഷിന്റെ വീട് തേടിപ്പിടിച്ചു
വിവാഹത്തിൽ പങ്കെടുത്തത് നമ്മുടെ ജില്ല നേരിടുന്ന ചില സാമുഹീക പ്രശ്നങ്ങൾ സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ് വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
രാകേഷ് കൊട്ടും കുരവയുമായി കൂട്ടുകാരെയും നാട്ടുകാരെയും കൂടെക്കൂട്ടി ഭാര്യയെ കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നതിനു സാക്ഷിയായപ്പോൾ ഏറെ ചാരിതാർത്ഥ്യം തോന്നി. രാകേഷ് ഒരു പ്രചോദനം ആണെന്ന് തോന്നി അതുകൊണ്ടാണ് ഇങ്ങനെ കുറിക്കുന്നത് (with permission of Mr. Rakesh) രാകേഷ് കൈ പിടിച്ചപ്പോൾ രണ്ടുപേരുടെ ജീവിതമാണ് പൂവണിഞ്ഞത്. ഭർത്താവ് മരിച്ചതോടെ ജീവിതം തകർന്നു എന്നു കരുതിയ യുവതിയുടെയും 7 വയസ്സുള്ള കുഞ്ഞിന്റെയും. 

കാസര്‍കോട് ജില്ലയിൽ ഭർത്താവ് ഉപേക്ഷിച്ചതോ ഭർത്താവ് മരിച്ചവരോ ആയ അരലക്ഷത്തോളം സ്ത്രീകളുണ്ട്. ആകെ 46488 സ്ത്രീകൾ ഇതിൽ കൂടുതൽ കാസര്‍കോട് നഗരസഭാ പരിധിയിലാണ് 6553 സ്ത്രീകൾ, കുറവ് മീഞ്ച പഞ്ചായത്തിലാണ് 73 സ്ത്രീകൾ വിധവകളും വിവാഹമോചിതരും സമൂഹത്തിൽനിന്ന് ഉൾവലിയുന്നതാണ് സമൂഹത്തിലെ പതിവുകാഴ്ച. 

ആരോരുമില്ലാത്ത ഈ സ്ത്രീകൾക് താങ്ങും തണലും ആകാൻ ജീവിത പങ്കാളിയാകാൻ രാകേഷിൻറെ മാതൃക പിന്തുടർന്ന് മറ്റുള്ളവരും തയ്യാറാകുമോ, പ്രത്യേകിച്ച് വിവാഹപ്രായം കഴിഞ്ഞിട്ടും പെൺകുട്ടികളെ ലഭിക്കാത്ത പുരുഷന്മാർക്ക് രാകേഷ് പ്രചോദനമാകേണ്ടതാണ്. 

രാകേഷ് ഒരു ഓട്ടോ ഡ്രൈവറാണ് തൻറെ ജോലി കൊണ്ട് ഈ കുടുംബത്തെ പോറ്റാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉള്ള യുവാവ്. യാദൃശ്ചികമായി ആണെങ്കിലും ഈ കല്യാണത്തിൽ പങ്കെടുത്തപ്പോൾ അത് സമൂഹത്തെ അറിയിക്കണം എന്ന് തോന്നി പലർക്കും രാകേഷ് ഒരു പ്രചോദനം ആവട്ടെ…

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.