കാസർകോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ മെഡലുകൾ നേടി ജില്ലയ്ക്ക് അഭിമാനമായി മാറിയ താരങ്ങളെ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.[www.malabarflash.com]
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദാ സക്കീർ ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യത്തിലെ പരിമിതികൾ മറികടന്ന് സംസ്ഥാന തലത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടം തന്നെയാണെന്നും കഴിഞ്ഞ കാലയളവിൽ കായിക മേളയിൽ ഏറെ പിന്നിലായ നമ്മുടെ ജില്ലയ്ക്കുള്ള ഉത്തേജനമാണ് ഈ കായിക താരങ്ങൾ നൽകിയതെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.
സെക്രട്ടറി പി. നന്തകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ എം. നാരായണൻ, അഡ്വ. കെ. ശ്രീകാന്ത്, ജോസ് പതാലിൽ, പി.വി. പത്മജ, പുഷ്പ അമേക്കള, പി.സി. സുബൈദ, സുഫൈജ ടീച്ചർ, മുംതാസ് സമീറ, മെഡലുകൾ നേടിയ കായിക താരങ്ങളായ ലാവണ്യ, ഡീൻ ഹാർമിസ് ബിജു, നേഹ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാരും താരങ്ങളുടെ അദ്ധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.
താരങ്ങൾക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റും മെമ്പർമാരും ചേർന്ന് കൈമാറി. കായികാദ്ധ്യാപകരെയും കുട്ടികളെ വലിയ വേദിയിലെ മത്സരങ്ങൾക്ക് സജ്ജരാക്കിയ കോച്ചുമാരെയും യോഗം അഭിനന്ദിച്ചു.
സ്പോർട്സ് രംഗത്തുള്ള ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച '' കുതിപ്പ് '' എന്ന പദ്ധതി പുതിയ ദിശാ ബോധത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഈ കുട്ടികൾ പ്രചോദനമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ പറഞ്ഞു. വിജയികൾക്ക് ഉന്നത നിലവാരത്തിലേക്കുയരാൻ സാധ്യമായ എല്ലാ സഹായവും ജില്ലാ പഞ്ചായത്ത് നൽകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
No comments:
Post a Comment