Latest News

വിദ്യാലയം പ്രതിഭകളിലേക്ക്; കോൽക്കളിയാശാന് ആദരവുമായി മുക്കൂട് സ്കൂളിലെ കുഞ്ഞുങ്ങൾ

പളളിക്കര: പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിക്ക് മുക്കൂട് ഗവൺമെന്റ് എൽ പി സ്‌കൂളിൽ തുടക്കമായി. [www.malabarflash.com]

പദ്ധതിയുടെ ഭാഗമായി ശിശുദിനമായ നവംബർ 14 ന് വൈകുന്നേരം മുക്കൂട് സ്കൂളിലെ 14 കുട്ടികൾ പുളിയക്കാട്ടെ കോൽക്കളിയാശാൻ ചന്തൻ കുഞ്ഞിയേട്ടന്റെ വീട്ടിലെത്തി. പ്രഥമാധ്യാപകൻ കെ.നാരായണൻ, അധ്യാപിക .കെ .ജിഷ, പി.ടി.എ പ്രസിഡണ്ട് എം.മൂസാൻ, എസ്.എം.സി.ചെയർമാൻ പ്രീത സുരേഷ്, പി.ടി.എ കമ്മറ്റി അംഗം റിയാസ് അമലടുക്കം എന്നിവരും കുട്ടിക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നു.

മുക്കൂട് എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു . കേട്ടറിവ് മാത്രമായിരുന്ന കൊൽക്കളിയെ കുറിച്ച് അറിയാൻ ആശാന്റെ വീട്ടിലേക്കു ആ പതിനാലംഗ സംഘം പാടത്തു കൂടി അധ്യാപകരുടെ കയ്യും പിടിച്ചു നടന്നപ്പോൾ കുരുന്നു മുഖങ്ങളിൽ വലിയ ആകാംക്ഷ പ്രകടമായിരുന്നു . 

ഒരു തലമുറയുടെ കലാകാരനെ കാണാനും കേൾക്കാനും കുട്ടിപ്പട്ടാളം വരുന്നുണ്ടെന്നറിഞ്ഞു ആശാന്റെ വീടും നേരത്തെ ഒരുങ്ങിയിരുന്നു . ചന്തൻ കുഞ്ഞിയേട്ടന്റെ കുടുംബാംഗങ്ങളും, ശിഷ്യരും, ചങ്ങാതിമാരും ഉപ്പെടെയുള്ള സദസ്യരെ സ്കൂൾ ലീഡർ അമൽ ഗണേശ് സ്വാഗതം ചെയ്തു. പ്രഥമാധ്യാപകൻ ആമുഖമായി പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികൾ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിയ ശേഷം സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ നിന്നും പറിച്ചെടുത്ത 14 പൂക്കൾ നൽകി നാടിന്റെ സ്വന്തം കലാകാരനെ ആദരിച്ചു.

ത്രേതായുഗത്തിൽ കാലിമേയ്ക്കുന്നവർ സമയം പോക്കാനായി കശാവിന്റെയും കാഞ്ഞിരത്തിന്റെയും കോലുകൾ കൊണ്ട് കളിച്ച കോൽക്കളി തൊട്ടിങ്ങോട്ട് കാരക്കോൽ ചെത്തി, കുപ്പിച്ചില്ലുകൊണ്ടുരസി മിനുസപ്പെടുത്തിയുണ്ടാക്കിയ കോലുകൾ കൊണ്ട് ഗ്രാമീണ കോൽക്കളി സംഘങ്ങൾ നാടായ നാടു മുഴുവൻ കളിച്ച കോൽ ക്കളിയുടെ ചരിത്രം പ്രായത്തിന്റെ അവശത വകവയ്ക്കാതെ ആശാൻ വിശദീകരിക്കുകയും ആശാനും ശിഷ്യനും ചേർന്ന് പാട്ട്പാടി കളിച്ചു കാണിക്കുകയും ചെയ്തപ്പോൾ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് അത് പുതുമയാർന്ന അനുഭവമായി.കളിയുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം യാതൊരു മടിയും കൂടാതെ കൃത്യമായ
മുപടി നൽകാനും ഇദ്ദേഹം തയ്യാറായി.

പതിനഞ്ചാം വയസ്സു മുതൽ കോൽക്കളി കളിക്കാൻ തുടങ്ങിയെന്നും, തന്റെ അച്ഛനായ പൂച്ചക്കാട്ടെ കണ്ണൻ ആയിരുന്നു ഗുരുവെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി ചന്തൻ കുഞ്ഞിയേട്ടൻ വ്യക്തമാക്കി.

''എന്തിനാണ് കോൽക്കളി കളിക്കുന്നത്?" എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ പെട്ടെന്ന് വന്നു, ''സമാധാനത്തിനും, സന്തോഷത്തിനും, സൗഹൃദത്തിനും !" അദ്ദേഹം തുടർന്നു, '' പണ്ടുകാലത്ത് പകലന്തിയോളം പണിയെടുത്ത ശേഷം വൈകുന്നേരങ്ങളിൽ പൊതു ഇടങ്ങളിൽ ഒത്തുചേർന്നാണ് ആളുകൾ കോൽക്കളി കളിച്ചിരുന്നത്...ഒരേ സമയം വിനോദവും വ്യായാമവും ആയിരുന്നു ഇത്. അതിലുപരി ജാതി മത ഭേദമന്യേ എല്ലാവരും ഒത്തുചേരുമ്പോഴുണ്ടാകുന്ന സൗഹൃദം, കൂട്ടായ്മ... അതിന്റെ സുഖം ഒന്നു വേറെ തന്നെ.... "
പുതിയ തലമുറയ്ക്ക് നൽകാനുള്ള സന്ദേശത്തെക്കുറിച്ചു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, ''എല്ലാ സമയവും മൊബൈൽ കുത്തിക്കളിച്ചും ടി.വിക്കുന്നിൽ ചടഞ്ഞുകൂടിയും അവനവനിലേക്കൊതുങ്ങാതെ പൊതു ഇടങ്ങളിൽ ഒത്തുചേരുക... കളിക്കുക... സൗഹൃദക്കൂട്ടായ്മകൾ വളർത്തുക...
സമാധാനത്തിനും, സന്തോഷത്തിനും, ആരോഗ്യത്തിനും..."
''ഞങ്ങളെയും കോൽക്കളി പഠിപ്പിക്കാമോ?'' - കൂട്ടത്തിൽ ഒരാളുടെ ചോദ്യം.
"താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചാൽ പുതിയ കോൽക്കളി സംഘത്തെ പരിശീലിപ്പിക്കാൻ തയ്യാർ."ആശാന്റ മറുപടി. ഉടൻ കുട്ടികൾ ഒന്നടങ്കം പറഞ്ഞു.... "ഞങ്ങൾ തയ്യാർ." അതെ, പ്രതിഭയുടെ ഊർജ്ജം നവപ്രതിഭകളിൽ എത്തിയിരിക്കുന്നു...

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.