കാഞ്ഞങ്ങാട്: ഹൈസ്കൂൾ വിഭാഗം അറബി നാടകത്തിൽ മികച്ച നടനായി നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് റംസാൻ തെരഞ്ഞെടുക്കപ്പെട്ടു. എൻഡോസൾഫാൻ ബാധിതനായ ഒരു കുട്ടിയുടെ നേർകാഴ്ചയാണ് റംസാൻ അരങ്ങിൽ അവതരിപ്പിച്ചത്.[www.malabarflash.com]
പ്രകൃതി ചൂഷണത്തിന്റെ കഥ പറഞ്ഞ സ്കൂളിലെ നാടകത്തിൽ എൻഡോസൾഫാൻ ബാധിച്ച് വളർച്ചയും ബുദ്ധി സ്ഥിരതയും നഷ്ടപ്പെട്ട മുത്തു എന്ന കഥാപാത്രത്തെ ജീവിതം പോലെ തന്നെ അരങ്ങിലെത്തിച്ച റംസാന്റെ പ്രകടനം വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്ക് കാരണമായി.
മികച്ച നടിയെ തെരഞ്ഞെടുക്കാൻ ഏറെ പാടുപെട്ട വിധികർത്താക്കൾക്ക് മികച്ച നടനെ കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വന്നില്ല. നടൻ എന്ന നിലയിൽ ഏറെ ഭാവിയുള്ള കുട്ടിയാണ് റംസാൻ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും റവന്യൂ ജില്ലാ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇത്തവണ സബ് ജില്ല, ജില്ലാ കലോത്സവത്തിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മേൽപറമ്പ് കൈനോത്ത് സ്വദേശിയായ ഡി.എൽ.ഐ.അബ്ദുറഹ്മാന്റെയും കെ.വി.റംസീനയുടെയും മകനാണ്. സ്കൂൾ ജീവിത കാലത്ത് പിതാവും അഭിനയരംഗത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
തുടർച്ചയായി ഏഴാം തവണയാണ് സംസ്ഥാന അറബി നാടകത്തിൽ തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിന് എ ഗ്രേഡ് ലഭിക്കുന്നത്.
തുടർച്ചയായി ഏഴാം തവണയാണ് സംസ്ഥാന അറബി നാടകത്തിൽ തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിന് എ ഗ്രേഡ് ലഭിക്കുന്നത്.
നാടക സംവിധായകനായ സുരഭി അയ്യക്കാട് രംഗ പദവും സ്കൂളിലെ അധ്യാപകനായ ശ്രീകുമാർ കോറോം രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ മൊഴിമാറ്റം നടത്തിയത് അറബി അധ്യാപകരായ പി.ഐ.എ.ലത്തീഫ്, ബി.എം.അബ്ദുസ്സലാം, സി.എ.സുലൈമാൻ, ഖദീജത്ത് സുബൈദ, ഇ.കെ.ഉമ്മുകുൽസു, അസ്മാബി, ആയിഷ മർസുവ എന്നിവർ ചേർന്നാണ്.
കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ നേർകാഴ്ചയാണ് നാടകത്തിൽ വരച്ചു കാട്ടിയത്.
18 ടീമുകൾ പങ്കെടുത്ത നാടക മത്സരത്തിൽ 14 ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു. അപ്പീൽ വഴി വന്ന ടീമുകൾക്കൊന്നും ഗ്രേഡ് ലഭിച്ചില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ടായി.
No comments:
Post a Comment