Latest News

കലോത്സവത്തിന്റെ ഒന്നാം ദിവസം കടുത്ത ​ഗതാ​ഗതക്കുരുക്കിൽ

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം ദിവസം കടുത്ത ​ഗതാ​ഗതക്കുരുക്കിൽ മത്സരാർഥികളും ആസ്വാ​ദകരും വലഞ്ഞു. രാവിലെ ഒമ്പതു മണിക്ക് ശേഷം കലോത്സവത്തിന് തിരിതെളിയുന്ന പ്രധാന വേദിക്ക് സമീപം വലിയ ​ഗതാ​ഗതക്കുരുക്കാണ് രൂപപ്പപെട്ടത്.[www.malabarflash.com]

പിന്നെ പലയിടത്തും മത്സരാർഥികൾക്ക് എത്തിച്ചേരാനാവാതെ വരികയും ചെയ്തു. ഇത് മത്സരങ്ങൾ വൈകാനും കാരണമായി. വേദി രണ്ടിൽ പലർക്കും പലതവണ അന്ത്യശാസനം നൽകുന്നതും കേൾക്കാമായിരുന്നു.

ദേശീയപാതക്കരികിൽ ഐങ്ങോത്താണ് പ്രധാന വേദി. കാഞ്ഞങ്ങാട് മുതൽ നീലേശ്വരം വരെ നീണ്ട ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഉദ്ഘാടന ചടങ്ങ് നടക്കുന്ന സമയത്ത് പ്രശ്നം രൂക്ഷമായി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, സ്പീക്കർ ശ്രീരാമകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർക്കൊപ്പം നടൻ ജയസൂര്യയും പ്രധാനവേദിയിൽ ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. വേദിയിൽ നേരത്തേ തന്നെ വൻ ജനാവലിയായിരുന്നു.

ദേശീയപാതയിൽ വലിയ ​ഗതാ​ഗതക്കുരുക്ക് സംഘാടകർ നേരത്തേ പ്രതീക്ഷിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ വലിയ വാഹനങ്ങൾ ചിത്താരി മുതൽ നീലേശ്വരം വരെ ദേശീയ പാതയിൽനിന്നും വഴി തിരിച്ചു വിടാനായിരുന്നു തീരുമാനം. ഇക്കാര്യം പോലീസ് ഉറപ്പു നൽകിയതുമാണ്. എന്നാൽ ​ഗതാ​ഗതക്കുരുക്കുണ്ടാകുമ്പോഴും വലിയ വാഹനങ്ങൾ ഈ വഴി പോകുന്നുണ്ടായിരുന്നുവെന്ന് സംഘാടക സമിതി അം​ഗങ്ങൾ തന്നെ പറയുന്നു.

അതിനിടെ രോ​ഗികളുമായി പോകുന്ന ആംബുലൻസുകളും അകപ്പെട്ടു പോകുന്നുണ്ട്. രൂക്ഷമായ ​ഗതാ​ഗതക്കുരുക്കിൽ പലർക്കും അവസരം നഷ്ടപ്പെട്ടുപോകുമോ എന്ന ഭീതിയുമുയർന്നു.

ഇടുങ്ങിയ ഒരു വാഹനം മാത്രം പോകുന്ന വഴികളാണ് പല വേദികളിലേക്കുമുള്ളത്. ഇത് വൺവേ ആക്കി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്. .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.