Latest News

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇനി കാസർകോട്ട്

കാസർകോട്: പുല്ലുർ–പെരിയ– ബേഡഡുക്ക പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന ആയംകടവ് പാലം ഞായറാഴ്ച യാത്രക്കാർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുക്കും.[www.malabarflash.com]

കേരളത്തെിലതന്നെ ഏറ്റവും ഉയരം കൂടിയ പാലമായ കാസർകോട് ആയംകടവ് പാലം യഥാർത്ഥ്യമായി. പെർലടുക്കം-ആയംകടവ്-പെരിയ റോഡിൽ പയസ്വിനിപ്പുഴയ്ക്ക് കുറുകെയാണ് പാലം നിർമ്മിച്ചത്. 24 മീറ്റർ ഉയരത്തിലും 150 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലത്തിന്റേയും 3.8 കിലോമീറ്റർ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും പ്രവൃത്തിയാണ് ഇതിനോടകം പൂർത്തിയായത്.

2015 ഒക്ടോബർ 1നാണ് പാലത്തിന്റെ നിർമാണ പ്രവൃത്തിക്കുള്ള സാങ്കേതികാനുമതി നൽകിയത്. 2016 ജനുവരിയിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ആദ്യ ഡിസൈനിലെ അപാകത കാരണം പാലത്തിന്റെ നിർമാണ പ്രവൃത്തി തടസ്സപ്പെട്ടുവെങ്കിലും പിന്നീട് എൻ ഐ ടിയിലെ വിദഗ്ദനായ ഡോ. അരവിന്ദാക്ഷന്റെ സഹായം തേടുകയായിരുന്നു.

കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി 14 കോടി രൂപ ചിലവിൽ യാഥാർത്ഥ്യമാക്കുന്ന പദ്ധതിക്ക് ടൂറിസം മേഖലയിൽ സമഗ്ര സംഭാവന നൽകാൻ സാധിക്കും. കർണ്ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളിൽ നിന്നും ബേക്കലിൽ എത്തിച്ചേരാൻ എളുപ്പമുള്ള പാതയാകും ഇത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ദേലമ്പാടി, കാറഡുക്ക, മുളിയാർ, ബള്ളൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്കും, കാഞ്ഞങ്ങാട് നഗരത്തിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗമാകും.

ഉയരം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ജനശ്രദ്ധയാകർഷിച്ച പാലത്തിന്‍റെ അടിഭാഗത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പൺ എയർ സ്റ്റേജ്, ഫുഡ് കോർട്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, എന്നിവ ആദ്യഘട്ടത്തിലും, പുഴയുടെ ഭംഗി ആസ്വദിക്കുന്നതിനായി ഗ്ലാസ് ബ്രിഡ്ജ് പദ്ധതി രണ്ടാം ഘട്ടമായും നിർമ്മിക്കുന്നത് ടൂറിസം വകുപ്പിന്റെ പരിഗണനയിലാണ്. 

എൻ.എച്ച് 66 പെരിയയിൽ എത്തുവാൻ ആവശ്യമായ 2.5 കി.മീ അഭിവൃത്തിപ്പെടുത്താനുള്ള ഫണ്ട് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടന സംഗമത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷതവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുമെന്ന് കെ.കുഞ്ഞിരാമൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.രാമചന്ദ്രൻ, ശാരദ എസ്.നായർ എന്നിവർ അറിയിച്ചു. അപ്രോച്ച് റോഡിനു സൗജന്യമായി സ്ഥലം വിട്ടു നൽകിയവരെ അനുമോദിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.