ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യമെങ്ങും ശക്തമാവുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്ത്.[www.malabarflash.com]
1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവരോ, രക്ഷിതാക്കള്‍ ഈ വര്‍ഷത്തിനു മുമ്പ് ജനിച്ചവരോ ആയവര്‍ നിയമപരമായും സ്വാഭാവികമായും ഇന്ത്യന്‍ പൗരന്‍മാരായി മാറും. പൗരത്വത്തിനു മാനദണ്ഡമാക്കുന്ന വര്‍ഷം നേരത്തെ 1971 ആയിരുന്നു. ഇത് 1987 ആക്കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ദേശീയ മാധ്യമമായ എന്‍ഡിടിവിയുമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റും ചെയ്തിട്ടുണ്ട്.
പൗരത്വം തെളിയിക്കുന്നതിന് ജനന സമയം, ജന്‍മസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ മതിയാവും. ഇത്തരം രേഖകളുള്ളവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല. ഒരു പൗരനെപ്പോലും ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ പൗരന്‍മാര്‍ അവരുടെ പഴയ തലമുറയില്‍പ്പെട്ടവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതില്ല. സ്വന്തമായി ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ ആള്‍ക്കാര്‍ക്കു സാക്ഷികളെയോ സമുദായാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന രേഖകളോ ഹാജരാക്കാന്‍ അധികൃതര്‍ അനുവാദം നല്‍കണം. ഇതിന്റെ കൃത്യമായ നടപടിക്രമങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് പ്രതികരിച്ചു.
എന്നാല്‍, ഏതെല്ലാം രേഖകളാണ് ഇത്തരത്തില്‍ സ്വീകാര്യമാവുകയെന്ന കാര്യം മന്ത്രാലയ വക്താവ് വിശദീകരിക്കുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആധാര്‍ കാര്‍ഡും വോട്ടര്‍കാര്‍ഡും പൗരത്വ രേഖകളല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് മന്ത്രാലയം നിലപാട് അറിയിച്ചത്.
അതേസമയം, രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
പൗരത്വ ഭേദഗതി നിയമത്തെ അസമിലെ എന്‍ആര്‍സിയുമായി താരതമ്യപ്പെടുത്തരുത്. കാരണം അസമില്‍ പൗരത്വം കണക്കാക്കുന്ന തിയ്യതി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment