Latest News

ചന്ദ്രശേഖര്‍ ആസാദ് പോലീസ് കസ്റ്റഡിയില്‍; മറ്റുള്ളവരെ വിട്ടയച്ചു തുടങ്ങി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ 3.30 ഓടെയാണ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തത്.[www.malabarflash.com] 

ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയ്യാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിറകെ കസ്റ്റഡിയിലെടുത്തവരെ പോലീസ് മോചിപ്പിച്ചു തുടങ്ങി. 42 പേരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒമ്പത് പേരെയാണ് ഇപ്പോള്‍ വിട്ടയച്ചത്.

വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജുമാ മസ്ജിദിന്റെ ഗേറ്റുകളില്‍ ഒന്ന് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നിസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജുമാ മസ്ജിദിന് പുറത്തുവെച്ച് പോലീസ് പിടികൂടി. 

പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ എത്തിയത്. വന്‍ ജനാവലിയാണ് ആസാദിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. അതേസമയം, നിരവധി ആളുകള്‍ ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തിയതോടെ ഡല്‍ഹി ഗേറ്റിന് സമീപം ബാരിക്കേഡു വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.