കാസര്‍കോട് : സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗീകാരത്തോടെ ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഫെഡറേഷന്‍ (ഫ്രാക്) ആവിഷ്‌ക്കരിച്ച 'ഫ്രാക്-പുസ്തകവീട്' പദ്ധതി ആരംഭിച്ചു.[www.malabarflash.com]
പദ്ധതിയുടെ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റസിഡന്റ്‌സ് അസോസിയേഷുകളിലാണ് മിനി ലൈബ്രറിയായ 'ഫ്രാക്-പുസ്തവീട്' സ്ഥാപിക്കപ്പെട്ടത്. ബോവിക്കാനം തേജസ്സ് ഹൗസിംഗ് കോളനി, വിദ്യാനഗര്‍ ഹൗസിംഗ് കോളനി, സുരഭി ഹൗസിംഗ് കോളനി നുള്ളിപ്പാടി, സായൂജ്യം ഹൗസിംഗ് കോളനി ഉദയഗിരി, ആലംകോട് ഹൗസിംഗ് കോളനി എന്നിവയാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്.
കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സിലും ഫ്രാക്കും സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ വെച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി. ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു ഐ.എ.എസ്. ഫ്രാക്-പുസ്തകവീടിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.വി.കെ. പനയാല്‍ വായനാമത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും പുസ്തകവീട് പ്രോജക്ട് വിശദീകരിക്കുകയും ചെയ്തു. ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
തുടര്‍ന്ന് നടന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാറില്‍ 'നാട്ടുഭാഷയുടെ സാംസ്‌കാരിക പ്രതിനിധാനങ്ങള്‍ മലയാള നോവലില്‍' എന്ന വിഷയം പ്രമുഖ സാഹിത്യകാരന്‍ എന്‍. ശശിധരന്‍ അവതരിപ്പിച്ചു. ഫേസ്ബുക്കിലൂടെ പരമ്പരയായി വന്ന 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന ഏറ്റവും പുതിയതും വ്യത്യസ്ത രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുമായ നോവലിന്റെ രചയിതാവ് ആര്‍. രാജശ്രീ രചനാനുഭവം വിവരിച്ചു.
ഇ. പത്മാവതി, വി. വിദ്യ, എ.കെ. ഇന്ദിര, കെ.വി. മണികണ്ഠദാസ് എന്നിവര്‍ നോവലിന്റെ വായനാനുഭവം പങ്കുവെച്ച് സംസാരിച്ചു.
കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ സ്വാഗതവും പ്രസിഡണ്ട് എ. കരുണാകരന്‍ നന്ദിയും പറഞ്ഞു.
ഫ്രാകിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും ഭാരവാഹികള്‍, തെരഞ്ഞെടുക്കപ്പെട്ട അഞ്ചു റസിഡന്റ്‌സ് അസോസിയേഷനുകള്‍ സന്ദര്‍ശിക്കുകയും പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തുകയുമുണ്ടായി.
കേരളത്തില്‍ ആദ്യമായാണ് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ റസിഡന്റ്‌സ് അസോസിയേഷനുകളിലൂടെ വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രദ്ധേയമായ ഒരു പ്രോജക്ടിന് ഫ്രാക് മുഖേന നടപ്പിലാക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
No comments:
Post a Comment