കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി. ഫെബ്രുവരി 17 മുതല്‍ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചു.[www.malabarflash.com]
ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ ഇവിടെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി കിട്ടിയിരുന്നെങ്കിലും സ്ഥിരം ജംബോ സര്‍വീസുകള്‍ക്കുള്ള അനുമതി വൈകുകയായിരുന്നു.
ഡിസംബര്‍ 24ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ ജംബോ വിമാനം 25ന് രാവിലെ കോഴിക്കോട്ട് പറന്നിറങ്ങിയിരുന്നു. ഈ ലാന്‍ഡിങ് തൃപ്തികരമായിരുന്നതിനാലാണ് ഇനി മുതല്‍ ജംബോ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. ഇനി ഇത് വഴി സ്ഥിരം സര്‍വീസ് നടത്താമെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ജംബോ വിമാനങ്ങളാണ് ഇനി മുതല്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുക.
രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിങ് വിമാനമാണ് കരിപ്പൂരിലെ റണ്‍വേ നവീകരണത്തിന് ശേഷം ആദ്യമായി ഇത് വഴി പരീക്ഷണപ്പറക്കല്‍ നടത്തിയത്. റണ്‍വേയുടെ നീളം 6000 അടിയില്‍ നിന്ന് 9000 അടിയാക്കി നവീകരിച്ച ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സര്‍വീസുകള്‍ക്ക് അനുമതി വൈകിയിരുന്നു.
2015ലാണ് റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. അതിന് മുമ്പ് ജംബോ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് സ്ഥിരം സര്‍വീസ് നടത്തിയിരുന്നതാണ്. ഇതേത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തെ എയര്‍പോര്‍ട്ട് അതോറിറ്റി തരംതാഴ്ത്തിയിരുന്നു. ഒമ്പതാം കാറ്റഗറിയിലുണ്ടായിരുന്ന വിമാനത്താവളത്തെ ഗ്രേഡ് എട്ടിലേക്കും പിന്നീട് ഗ്രേഡ് ഏഴിലേക്കും എയര്‍പോര്‍ട്ട് അതോറിറ്റി തരം താഴ്ത്തി. ഇടത്തരം വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങളുടെ കാറ്റഗറിയിലേക്ക് കരിപ്പൂര്‍ മാറി.
ബോയിംഗ് 777 മുതലുള്ള വിമാനങ്ങള്‍ക്ക് കോഴിക്കോട് സര്‍വീസ് നടത്താന്‍ കഴിയുമെന്നിരിക്കേ ഇതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് പകരം വിമാനത്താവള അധികൃതര്‍ ഇത്തരം വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല എന്ന് കാട്ടിയായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നടപടി. ഇത് വിമാനത്താവള അധികൃതരുടെ തന്നെ ശുപാര്‍ശയെത്തുടര്‍ന്നാണ് എന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തി.
ഇതിനിടയിലാണ് കണ്ണൂര്‍ വിമാനത്താവളം തുടങ്ങുന്നത്. വലിയ വിമാനസര്‍വീസുകളടക്കം അങ്ങോട്ടെത്തുകയും, ടിക്കറ്റ് നിരക്ക് ഉയര്‍ന്ന നിലയിലല്ല എന്നതും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചു. ഇതിനെല്ലാം ഇടയിലും കരിപ്പൂര്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു.
ഇതിനെല്ലാം ശേഷം, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്ഥിരം ജംബോ സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ അനുമതി നല്‍കുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ സ്വകാര്യ വിമാനക്കമ്പനികളടക്കം ജംബോ വിമാനസര്‍വീസുകള്‍ കരിപ്പൂരിന് നല്‍കുമെന്നാണ് പ്രതീക്ഷ. ഇതോടെ പ്രവാസികളുടെ ഏറെ നാളെത്തെ യാത്രാദുരിതത്തിന് അറുതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment