Latest News

മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

കോവളം: ആൾക്കൂട്ടക്കൊലയിൽ നടുങ്ങി തലസ്ഥാനം. മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം മർദിക്കുകയും ജനനേന്ദ്രിയത്തിലുൾപ്പെടെ പൊള്ളലേൽപ്പിക്കുകയും ചെയ്ത യുവാവ് മരിച്ചു.[www.malabarflash.com]

കല്ലിയൂർ പാപ്പാൻചാണി പുതുവൽ പുത്തൻവീട്ടിൽ അജേഷ്(30) ആണ് തിങ്കളാഴ്ച പുലർച്ചെയോടെ ആശുപത്രിയിൽ മരിച്ചത്. മർദിച്ച 6 അംഗ സംഘം തിരുവല്ലം പോലീസിന്റെ പിടിയിലായി. ഇനിയും ചിലർ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം സ്വദേശി സജിമോൻ (35), പാറശാല പുത്തൻകട സ്വദേശി ശംഖുമുഖം ലെനാറോഡ് റോസ് ഹൗസിൽ ആമത്തലയൻ എന്നു വിളിക്കുന്ന ജിനേഷ് വർഗീസ് (28), കരമന മിത്ര നഗർ മാടൻകോവിലിന് സമീപം താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശി ഷഹാബുദ്ദീൻ (43) നേമം മനുകുലാദിച്ചമംഗലം ജെപി ലെയ്‌നിൽ അരുൺ(29), ചെറിയതുറ ഫിഷർമെൻ കോളനിയിലെ സജൻ(33), പാപ്പാൻചാണി പൊറ്റവിള വീട്ടിൽ റോബിൻസൺ (39) എന്നിവരാണ് അറസ്റ്റിലായത്.

11 ന് പുലർച്ചെയാണ് അജേഷ് ആക്രമണത്തിന് ഇരയായത്. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ച് മലപ്പുറം സ്വദേശിയായ യുവാവിന്റെ 40,000 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് കാണാതായിരുന്നു. കമ്മൽ ധരിച്ച യുവാവാണ് മോഷണം നടത്തിയതെന്ന് മറ്റൊരു യാത്രക്കാരൻ പറഞ്ഞതായി യുവാവ് ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തി ഡ്രൈവർമാരോട് പറഞ്ഞു. ഈ സൂചനവച്ച് ഓട്ടോ ഡ്രൈവർമാരടങ്ങുന്ന സംഘം വണ്ടിത്തടത്ത് എത്തി അജേഷിനെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

പാപ്പാൻചാണിയിലുളള വീട്ടിലെത്തിച്ച ശേഷം ബാഗ് എവിടെ എന്ന് ചോദിച്ച് അജേഷിനെ മാരകമായി മർദിച്ചു. മർദിച്ച് അവശനാക്കിയ ശേഷം വീട്ടിൽ നിന്നെടുത്ത വെട്ടുകത്തി തീയിലിട്ട് ചൂടാക്കി ജനനേന്ദ്രിയത്തിലും അടിവയറിലും പൊളളലേൽപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കമ്പി കൊണ്ട് അടിച്ച് അവശനാക്കി.

വാഴത്തോട്ടത്തിൽ അവശനിലയിൽ കിടന്ന അജേഷിനെ തിരുവല്ലം പോലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. അജേഷിനെ വണ്ടിത്തടത്തുനിന്ന് ബലമായി വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നത് പ്രദേശവാസിയായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയതാണ് പ്രതികളെ കുടുക്കാൻ പോലീസിനു സഹായകരമായത്. 

പാപ്പാൻചാണിയിലെ സ്റ്റീഫൻ-ഓമന ദമ്പതിമാരുടെ മകൻ അജേഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കോൺക്രീറ്റ് ജോലിക്കാരനായ അജേഷ് അവിവാഹിതനാണ്. സഹോദരി പ്രിയ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.