Latest News

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍: കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍.[www.malabarflash.com]

ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. 

പൊതു ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഉത്തരവിറക്കിയത്. 2021-ലാണ് അടുത്ത ജനസംഖ്യാ കണക്കെടുപ്പ് നടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട നടപടികളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രൂപവത്കരണവുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കുകയും പിന്നാലെ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികള്‍ അവിടുത്തെ സര്‍ക്കാര്‍ നിര്‍ത്തിവക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല
പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കാനേഷുമാരി (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 

എന്നാല്‍, 2019 ലെ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) തയ്യാറാക്കുന്നതിന് സഹായകമാംവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല.

ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.