Latest News

‘പൗരത്വ ബില്ല് ഇന്ത്യയെ വീണ്ടും വിഭജിക്കും’; ബില്ല് കീറിയെറിഞ്ഞ് ഉവൈസിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍. പൗരത്വബില്ലിന്റെ പകര്‍പ്പ് ലോക്‌സഭയില്‍ എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി കീറിയെറിഞ്ഞു.[www.malabarflash.com]

പൗരത്വ ബില്ല് ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണെന്ന് ആരോപിച്ചാണ് ഒവൈസി ബില്ല് കീറിയെറിഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനക്ക് എതിരാണ് ബില്ലെന്നും അദ്ദേഹം ആരോപിച്ചു. 

മുസ്ലിങ്ങളെ ബില്ലില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ചൈനയില്‍ നിന്നുള്ള അഭയാര്‍ഥികളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് ഉവൈസി ചോദിച്ചു. ‘എന്താ സര്‍ക്കാരിന് ചൈനയെ പേടിയാണോ’, എന്ന് ഒവൈസി പരിഹസിച്ചു.

ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ റജിസ്റ്റര്‍ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ എന്ന് പറഞ്ഞ് അസദുദ്ദീന്‍ ഉവൈസി ബില്ല് രണ്ടായി കീറി. 

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് ഏറെ വിവാദമായ പൗരത്വ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാക്കുന്നത് അന്തസത്തക്ക് എതിരാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബില്ലവതരണത്തെ അനുകൂലിച്ച് 293 പേര്‍ ലോക്‌സഭയില്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തത് 82 പേരാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.