Latest News

ചരിത്ര കോൺഗ്രസിൽ കനത്ത പ്രതിഷേധം; ഗവർണർക്ക്​ പ്രസംഗം നിർത്തേണ്ടി വന്നു

കണ്ണൂർ: പൗരത്വഭേദഗതി വിഷയത്തിൽ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ കണ്ണൂരിൽ കടുത്ത പ്രതിഷേധം. കണ്ണൂർ സർവകലാശാലയിൽ അഖിലേന്ത്യാ ചരിത്ര കോൺഗ്രസ്​ ഉദ്​ഘാടനം ചെയ്യാനെത്തിയ ഗവർണർക്ക്​ പ്രസംഗം നിർത്തി മടങ്ങേണ്ടിവന്നു. ചരിത്ര കോൺഗ്രസിന്​ എത്തിയ പ്രതിനിധികളിൽനിന്ന്​ തന്നെയാണ്​ ഗവർണർക്ക്​ പ്രതിഷേധം നേരിടേണ്ടി വന്നത്​.[www.malabarflash.com]
പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട്​ ഗവർണർ ചരിത്ര കോൺഗ്രസ്​ ഉദ്​ഘാടന പ്രസംഗത്തിലും ആവർത്തിച്ചു. ഇതോടെയാണ്​ സദസ്സിൽനിന്ന്​ പ്രതിഷേധം ഉയർന്നത്​. ഗവർണർക്ക്​ നേരെ ഷെയിം ഷെയിം വിളികളുമായി മുൻനിരയിൽനിന്നുള്ള പ്രതിനിധികൾ എഴുന്നേറ്റു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മു​​ദ്രാവാക്യങ്ങളും ഉയർന്നു. 

സി.എ.എക്കും പൗരത്വപട്ടികക്കുമെതിരെ പ്ലകാർഡുകളും ഇവർ ഉയർത്തിക്കാട്ടി. പ്രതി​ഷേധിച്ചവരെ സദസ്സിൽ നിന്ന്​ പിടിച്ചുമാറ്റാൻ പോലീസ്​ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജെ.എൻ.യു, അലീഗഡ്​ യൂനിവേഴ്​സിറ്റികളിൽ നിന്നെത്തിയ പ്രതിനിധികളാണ്​ പ്രതിഷേധിച്ചതെന്നാണ്​ വിവരം.

എന്നാൽ പ്രതി​ഷേധം വകവെക്കാതെ ഗവർണർ ഏതാനും മിനുട്ടുകൾ കൂടി പ്രസംഗം തുടർന്നു. എന്നാൽ പ്രതിഷേധം രൂക്ഷമാകുന്നത്​ കണ്ട ചടങ്ങിലെ അധ്യക്ഷൻ പ്രമുഖ ചരിത്രകാരൻ ഇൻഫാൻ ഹബീബ്​ പ്രസംഗം അവസാനിപ്പിക്കാൻ ഗവർണറോട്​ നിർദേശിക്കുകയായിരുന്നു.

15​ മിനിട്ടിനകം പ്രസംഗം അവസാനിപ്പിച്ച്​ ഗവർണർ വേദി വിടുമ്പോഴും സദസ്സിൽനിന്ന്​ ശക്​തമായ പ്രതിഷേധവും കൂവലും ഉയർന്നു. ഗവർ​ണർ പുറത്തേക്ക്​ പോകുമ്പോൾ നിയമ ഭേദഗതിക്കുമെതിരെ പ്രതിനിധികളിൽ നിന്ന്​ നിരവധി പേർ എഴുന്നേറ്റ്​ മുദ്രാവാക്യം വിളിച്ചു. ഗവർണർ വേദി വിട്ട ശേഷം പ്രതിഷേധം അടങ്ങുകയും ചെയ്​തു.

നേരത്തേ, ​കണ്ണൂരിൽ വിവിധ സ്​ഥലങ്ങളിൽ ഗവർണർക്ക്​ നേരെ കരി​ങ്കൊടി പ്രതിഷേധവും അരങ്ങേറി. മട്ടന്നൂരിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി കണ്ണൂർ നഗരത്തിലെ യൂനിവേഴ്​സിറ്റി ആസ്​ഥാനത്തേക്കുള്ള യാത്രക്കിടെ നിരവധി സ്​ഥലങ്ങളിൽ ഗവർണർക്കു നേരെ കരി​ങ്കൊടി ഉയർന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.