Latest News

ഓടയില്‍ ശ്വാസം മുട്ടി ശാരദ മരണത്തോട് മല്ലിട്ടത് ഒരാഴ്ചയോളം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരങ്ങള്‍

ഉദുമ: കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ പരേതനായ കെ.വി ഗോവിന്ദന്റെ ഭാര്യ ശാരദ (80) ഓവുചാലില്‍ വീണ് മരിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.[www.malabarflash.com]
ബുധനാഴ്ച ഉച്ചയോടെയാണ് ശാരദയുടെ മൃതദേഹം അഴുകിയ നിലയില്‍ ഓവുചാലില്‍ കണ്ടെത്തിയത്. നവംബര്‍ 29ന് രാത്രിയാണ് ശാരദയെ വീട്ടില്‍ നിന്നും കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് മിസിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

വെള്ളം ഒഴുകി പോകുന്ന ഓവുചാലില്‍ വീണ ശാരദ 30 മീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയിരുന്നു. കടുത്ത ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഓടയുടെ സ്ലാബ് നീക്കം ചെയ്തപ്പോഴാണ് അഴുകി വീര്‍ത്ത നിലയില്‍ മൃതദേഹം കണ്ടത്. ഒരു ടോര്‍ച്ചും കണ്ടെടുത്തു.

ബേക്കല്‍ എസ്.ഐ പി. അജിത് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ശാരദ സ്ലാബിട്ട് മൂടാത്ത ഓടയില്‍ കുടുങ്ങി ഒരാഴ്ചയോളം മരണത്തോട് മല്ലടിച്ചുവെച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഓടയില്‍ വീണ ദിവസം തന്നെ മരണം സംഭവിച്ചിരുന്നുവെങ്കില്‍ മൃതദേഹം പൂര്‍ണമായും അഴുകുമായിരുന്നു. മൃതദേഹത്തിന് ആറുദിവസത്തെ പഴക്കം മാത്രമാണുണ്ടായിരുന്നത്. അഴുകിതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഓവുചാലില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമം ശാരദ നടത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ശ്വാസം കിട്ടാതെ അതിദാരുണമായാണ് ഈ വയോധിക മരണത്തിന് കീഴടങ്ങിയത്.

ശാരദയും മകളും മാത്രമായിരുന്നു വീട്ടില്‍ താമസം. 29ന് രാത്രി 10 മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മകള്‍ ബോധമറ്റ് വീണതോടെ ആസ്പത്രിയിലെത്തിക്കാന്‍ സഹായം തേടുന്നതിനായി ശാരദ ടോര്‍ച്ചുമായി വീടിന് പുറത്തിറങ്ങിയതായിരുന്നു.

അയല്‍ വീട്ടിലേക്ക് പോകുന്നതിനിടെ ശാരദ ഓവുചാലില്‍ വീണതാകാമെന്നാണ് നിഗമനം. ശാരദയെ കാണാതായ ദിവസം ശക്തമായ മഴപെയ്തതിനാല്‍ ഓടയില്‍ വെള്ളമുണ്ടായിരുന്നു. തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം വീടിന് മുന്നിലുള്ള കെ.എസ്.ടി.പി റോഡിനോട് ചേര്‍ന്നാണ് ഓട സ്ഥിതിചെയ്യുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങുന്ന ഭാഗത്തുള്ള ഓടയില്‍ രണ്ട് സ്ലാബുകള്‍ സ്ഥാപിച്ചിരുന്നില്ല. ടോര്‍ച്ചുമായി നടന്നു പോകുകയായിരുന്ന ശാരദ കാഴ്ചക്കുറവ് കാരണം ഓടയിലേക്ക് തെന്നി വീഴുകയും രക്ഷപ്പെടാനാകാതെ കുടുങ്ങുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ശാരദ ഓവുചാലിന്റെ സ്ലാബുണ്ടായിരുന്ന ഭാഗത്തേക്ക് നിരങ്ങി നീങ്ങിയെങ്കിലും നിറഞ്ഞു നിന്ന വെള്ളം കയറി മരിച്ചതായിരിക്കാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു.

സ്ലാബുകള്‍ സ്ഥാപിക്കുന്നതില്‍ അധികൃതര്‍ കാണിച്ച അനാസ്ഥയാണ് ശാരദക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.