Latest News

പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല -പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com]

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ തുല്യതയെയും മതനിരപേക്ഷതയെയും അട്ടിമറിക്കുന്ന ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഈ കരിനിയമത്തെ സാധ്യമായ എല്ലാ വേദിയിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലുംപെടാത്തവർക്കും ഇന്ത്യൻ പൗരനായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഭരണഘടനാദത്തമായ ഈ അവകാശം എല്ലാവർക്കും ലഭ്യമാക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ നയം.

മതനിരപേക്ഷതയാണ്‌ ഭരണഘടനയുടെ അടിത്തറയെന്ന്‌ സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ട്‌. പൗരത്വഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നത് മതത്തിന്റെമാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ്‌. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ല.

നിയമത്തിനെതിരെ രാജ്യത്താകെ പ്രതിഷേധവും രോഷവും ഉയരുന്നുണ്ട്‌. പ്രതിഷേധം സ്വാഭാവികമാണ്‌. എന്നാൽ, അതിരുവിടരുത്‌. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഗുരുതരപ്രശ്‌നങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ് വർഗീയശക്തികൾ സമൂഹത്തെ ഭിന്നിപ്പിക്കുന്നത്‌.

അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ്‌ കേന്ദ്രസർക്കാർ ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ പാസാക്കുന്നത്‌. നീചമായ രാഷ്ട്രീയലക്ഷ്യങ്ങളാണ് അതിനു പിന്നിൽ. സമഗ്രാധിപത്യം സ്ഥാപിച്ച്‌ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഗൂഢാലോചനയാണിത്. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി ഇന്ത്യയെ വിഭജിക്കുകയെന്നത്‌ സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഈ മോഹം യാഥാർഥ്യമാക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.