Latest News

ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാന്‍ അനുവദിക്കില്ല: കാന്തപുരം

മലപ്പുറം: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതിയിലൂടെ രാജ്യത്തെ മുസ്ലിംകള്‍ക്ക് വേരില്ലാതാക്കലാണ് ഉദ്ദേശ്യവും ലക്ഷ്യവുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.[www.malabarflash.com]

ഇന്ത്യയെന്ന മഹത്തായ ആശയത്തെ ശിഥിലമാക്കാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലല്ലോ? – കാന്തപുരം ചോദിച്ചു. പൗരത്വം ഔദാര്യമല്ല എന്ന തലക്കെട്ടില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഭേദഗതിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനിച്ചുകഴിഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് ഈ നിയമം എതിരാണ്. 

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമാണിത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, അതിനാല്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നല്‍കേണ്ടത്. 

ജനാധിപത്യത്തില്‍നിന്ന് സ്വേഛാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ നാം അനുവദിക്കരുത്. പൗരത്വം സംബന്ധിച്ച ഒരു നിയമനിര്‍മാണത്തിന് ആധാരമായി മുസ്ലിം അല്ലാതിരിക്കുക എന്ന് മാദണ്ഡമാക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. 

മുസ്ലിംകളുടെ വേരറുക്കുന്ന ഔദ്യോഗിക രേഖയായി ഈ നിയമ ഭേതഗതി മാറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുനരാലോചന നടത്തണം. ഇതാണ് ഞങ്ങള്‍ക്ക് വീണ്ടും ഓര്‍മിപ്പിക്കാനുള്ളത്.

ഒരു നയം രൂപീകരിക്കുമ്പോള്‍ ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ട മനുഷ്യന്റെ മുഖമായിരിക്കണം നിങ്ങളുടെ മുന്നിലുണ്ടാവേണ്ടതെന്ന രാഷ്ട്രപിതാവിന്റെ വാക്കുകള്‍ എല്ലാവരെയും ഓര്‍മിപ്പിക്കുകയാണ്. പൗരത്വ പട്ടികയുടെ പേരില്‍ ഒരുവിഭാഗത്തെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. 

മതപരമായ ഈ വിഭജനം ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അതിനെ നിഷേധിക്കലാണ്. രാജ്യത്തിന്റെ വേരും പ്രമാണവുമായ ഭരണഘടനയെ അപ്രസക്തമാക്കാന്‍ ആരും ശ്രമിക്കരുത്. ഇന്ത്യയെ ഇന്ത്യയാക്കിയ ഏതെല്ലാം മൂല്യങ്ങളുണ്ടോ അതിനെ മുഴുവനും തകര്‍ക്കുന്ന ബില്ലാണിത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചുനിന്നുള്ള ബഹുസ്വര പ്രക്ഷോഭ മുന്നേറ്റമാണ് നമുക്ക് വേണ്ടത്- കാന്തപുരം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.