Latest News

യുപിയിൽ പ്രക്ഷോഭകരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു; 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.[www.malabarflash.com]

ഇതിന്റെ ഭാഗമായി മുസഫര്‍ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. സമാനമായ നടപടികളിലേക്ക് മറ്റ് ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.

അതേസമയം കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ മരിച്ചരുടെ എണ്ണം 18 ആയി. രാത്രി രാംപുരില്‍ നിന്നും മീററ്റില്‍ നിന്നും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മരണസംഖ്യ ഉയര്‍ന്നത്. എന്നാല്‍ പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10 മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

പോലീസ് വെടിവെപ്പിലല്ല മറിച്ച് പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോളും സംഭാല്‍, മൊറാദാബാദ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. റാംപുരില്‍ പോലീസ് വെടിവെപ്പ് നടന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുന്നത് തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.