ഭരണഘടനാവിരുദ്ധമായ നിയമനിർമാണത്തിലൂടെ പൗരത്വഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടു. രാജ്യത്താകമാനവും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഭരണകൂടം അക്രമം അഴിച്ചു വിട്ടു.
കേന്ദ്രസർവകലാശാലകളിലെ പോലീസ് നരനായാട്ടിനെതിരെ പാതിരാവുകളെ പകലാക്കി ഇന്ത്യൻ വിദ്യാർത്ഥികൾ ചെറുസംഘങ്ങളായും വമ്പൻ കടലായും നിരത്തിൽ അലയടിച്ചു. ഡൽഹിയിലെ ശഹീൻ ഭാഗ് ഉറങ്ങിയിട്ട് നാളേറെയായി.
ഇങ്ങ് കേരളത്തിൽ നടന്നത് എണ്ണിയാൽ തീരാത്ത പ്രക്ഷോഭങ്ങൾ. കാസറകോട്ടെ വിദ്യാർത്ഥികളും ജനങ്ങളും ന്യൂഇയർ രാത്രിയിലും ഉറങ്ങാതെ തൊണ്ട പൊട്ടിച്ചു. ഒരു മാസത്തിനിടെ നഗരത്തെത്തന്നെ വിഴുങ്ങിക്കളഞ്ഞ അനവധി പ്രക്ഷോഭങ്ങൾ. പ്രൈവറ്റ് കോളേജുകളടക്കം സമരരംഗത്ത് തീപ്പൊരി വിതറി.
എന്നാൽ ജില്ലയുടെ അഭിമാനമായ, 57 മുതലിങ്ങോട്ട് അനവധി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥിനേതാക്കളുടെ മണ്ണ്, ഗവർൺമെന്റ് കോളേജ് കാസറകോട് , ജി.സി.കെ യിൽ നിന്ന് ശക്തമായ ഒരു തലവാചകം പോലും മെയിൻസ്ട്രീമിൽ ചർച്ചയായിക്കണ്ടില്ല.
ജാമിയയിലും, അലിഗഡിലും, ജെ.എൻ.യു വിലും അടിവാങ്ങിക്കൂട്ടുക മാത്രമല്ല വിദ്യാർത്ഥികളും, അധ്യാപകരും ചെയ്യുന്നത്. ശക്തമായ സമരരംഗത്തും അവരൊറ്റക്കെട്ടായുണ്ട്. കോളേജിനകത്തെ വാൾപോസ്റ്റുകളിലും, പ്രകടനങ്ങളിലുമൊതുക്കാതെ, നഗരത്തിലൊരു തീമഴയായി പെയ്യേണ്ടവരാണ് ഗവ.കോളേജിലെ വിദ്യാർത്ഥിസംഘം.
കാസറകോട് ഗവ.കോളേജിൽ പഠിച്ചിരുന്നവരിൽ പലരുമിന്ന് വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ ജില്ല, സംസ്ഥാന ഘടകങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. ഗവ. കോളേജിൽ പഠിച്ചു എന്നത് കൊണ്ട് മാത്രം ഉണ്ടായതാവാൻ വഴിയില്ല അതൊന്നും. തൊണ്ട് കീറി, ലാത്തിയേറ്റ്, തല പൊട്ടി, രക്തംചീറ്റിയ കഥകൾ അവിടുത്തെ ചുവരുകളിലേക്ക് കാത് ചേർത്ത് വെച്ചാൽ കേൾക്കാൻ സാധിച്ചേക്കും.
കനയ്യകുമാറും, ചന്ദ്രശേഖർ ആസാദും, കണ്ണൻ ഗോപിനാഥുമൊന്നും അച്ചിൽ വാർക്കപ്പെട്ടവരല്ലെന്ന് മനസ്സിലാക്കുക. പുസ്തകം വായിച്ച് തീർക്കുന്നതിനിടയിലും തന്റെ തൊട്ടയലത്ത് അനീതി കാണുമ്പോൾ തീപന്തമാവാത്ത വിദ്യാർത്ഥിത്വം നാടിന് ഭാരമാണ്. സമയം അതിക്രമിച്ചിരിക്കുന്നു. വീണ്ടും ജെ.എൻ.യു വിൽ അക്രമത്തിന് തിരികൊളുത്തിയിട്ടുണ്ട്. നഗരത്തിൽ ജി.സി.കെയുടെ ശബ്ദം പ്രകമ്പനം കൊള്ളേണ്ട സന്നിഗ്ദ ഘട്ടം ഇത് തന്നെയാണ്. യൂണിയന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ സമരവീര്യത്തിൽ, അദ്യാപകരുടെ ആശീർവാദത്തോടെ രാജ്യത്തെ അരാജകത്വത്തിനെതിരെ നിരന്തരം കത്തിജ്വലിച്ച് ജി.സി.കെ പ്രതീക്ഷ നിലനിർത്തുമെന്ന് പ്രത്യാശിക്കുന്നു.
-വിപ്ലവപ്രതീക്ഷയോടെ ഒരു മുൻ വിദ്യാർത്ഥി
-വിപ്ലവപ്രതീക്ഷയോടെ ഒരു മുൻ വിദ്യാർത്ഥി
No comments:
Post a Comment