Latest News

ഗള്‍ഫ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ യുഎസ് നിര്‍ദേശം

തെഹ്‌റാന്‍: ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ യുദ്ധഭീതിയിലായ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് അമേരിക്കന്‍ വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കി.[www.malabarflash.com]

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ് സഖ്യസേനയുടെ സൈനിക കേന്ദ്രങ്ങളിലാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. 

ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുളളതായി റിപ്പോര്‍ട്ടുകളില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 

വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച ഇറാന്‍ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി. 

അതേസമയം, ഇറാന്‍ യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് വില വീണ്ടും 70 ഡോളറിലെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.