Latest News

അമിത് ഷാ കേരളത്തിലേക്കില്ല; വാര്‍ത്ത നിഷേധിച്ച് വി മുരളീധരന്‍

കണ്ണൂര്‍: പൗരത്വ നിയമത്തിന് അനുകൂലമായി പ്രചാരണം നടത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. വാര്‍ത്ത തെറ്റാണെന്നും തെറ്റായ വാര്‍ത്തകളുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങളുടെ ഉദാഹരമാണിതെന്നും മുരളീധരന്‍ പറഞ്ഞു.[www.malabarflash.com]

ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത്‌ലീഗ് പ്രതിഷേധ പരിപാടി മാറ്റിവെച്ചത്. ഈ മാസം 15ന് യൂത്ത് ലീഗ് കറുത്ത മതില്‍ ഉണ്ടാക്കുമെന്ന് പറഞ്ഞതും പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോയതും ആസൂത്രിതമാണ്. 

അമിത്ഷായുടെ യാത്രയുടെ ഭാഗമായാണ് പ്രതിഷേധമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അമിത് ഷായുടെ യാത്രയെന്നത് ആരും ആരോടും പറയാത്തതാണ്. അത് വിശ്വസിച്ചാണ് മാധ്യമ പ്രവര്‍ത്തകരും മുന്നോട്ട് പോയത്. തീരുമാനിക്കാത്ത പരിപാടിയുടെ പേരിലുള്ള പ്രതിഷേധത്തില്‍ കേരളത്തിലെ ജനതയെ മുഴുവന്‍ ഒരു പാര്‍ട്ടി പറ്റിക്കുകയായിരുന്നുവെന്നും മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു.

എന്നാല്‍ അമിത് ഷാ കേരളത്തിലേക്ക് വരുന്നതായി ബി ജെ പി മുഖപത്രമായ ജന്മഭൂമിയിലടക്കം വാര്‍ത്തയുണ്ടായിരുന്നു. അമിത് ഷാ പങ്കെടുക്കുന്ന റാലി മലബാറില്‍ നടത്താനാണ് ആലോചനയെന്നും ജന്മഭൂമി വാര്‍ത്തയിലുണ്ടായിരുന്നു.

പൗരത്വ നിയമത്തിനെതിരായി കേരളത്തില്‍ വലിയ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ അമിത് ഷാ സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയത് ശ്രദ്ധേയമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.