Latest News

അമിത് ഷാ വരുന്ന ദിവസം നടത്താനിരുന്ന കറുത്ത മതില്‍ ഒഴിവാക്കാൻ മുസ്‌ലിം ലീഗ് നിർദേശം

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില്‍ തീര്‍ത്ത് പ്രതിഷേധിക്കാനുള്ള തീരുമാനം വേണ്ടെന്ന് വെക്കാൻ യൂത്ത് ലീഗിനോട് മുസ്ലീം ലീഗ് നേതൃത്വം നിർദേശിച്ചു. ഇക്കാര്യം യൂത്ത് ലീഗ് നേതാക്കളോട് ചർച്ച ചെയ്തതായി പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com]

അമിത് ഷായുടെ കേരളാ സന്ദർശനം പാർട്ടി പരിപാടിക്ക് കൂടിയാണെങ്കിലും ഈ സമയത്ത് ബി ജെ പി ലക്ഷ്യം വക്കുന്നത് സംഘർഷമാണ്. അതിനാലാണ് ആ ദിവസം അത്തരത്തിലുള്ള സമരം വേണ്ടെന്ന് വെക്കാൻ യൂത്ത് ലീഗിനോട് ആവശ്യപ്പെട്ടതെന്ന് കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിനു ശേഷം നേതാക്കൾ പറഞ്ഞു.

ഈ മാസം 15നാണ് അമതി ഷാ പൗരത്വ നിയമത്തെക്കുറിച്ചുള്ള ബി ജെ പി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്നത്. അന്നേ ദിവസം കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും ബ്ലാക്ക് വാള്‍ തീര്‍ക്കുമെന്നായിരുന്നു യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചിരുന്നത്.

ആര്‍ എസ് എസ് ഭീകരവാദികളാണ് ജെ എന്‍ യു ആക്രമണത്തിന് പിന്നില്‍. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതില്‍ പ്രതിഷേധമെന്നും ഫിറോസ് പറഞ്ഞിരുന്നു. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലാക്ക് വാള്‍ തീര്‍ക്കുക. ഒരു ലക്ഷം പേര്‍ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടു.

അതേസമയം, പൗരത്വനിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജെ എന്‍ യുവില്‍ വിദ്യാര്‍ഥികളെ ബി ജെ പി നേതൃത്വം തല്ലിയൊടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.