ചാവക്കാട്: വികലമായ ചരിത്ര ബോധവും ചരിത്ര വ്യാഖ്യാനവുമാണ് ഫാസിസത്തിന്റെ വളര്‍ച്ചക്ക് കാരണമെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍. എസ് എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഐ പി ബിയുടെ പുസ്തക സഞ്ചാരം ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
രാജ്യത്തെ വംശീയമായി വിഭജിക്കാനുള്ള ശ്രമത്തെ ശരിയായ ചരിത്ര ബോധത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കണം. ശരിയായ ചരിത്ര ബോധം ആര്‍ജ്ജിക്കണമെങ്കില്‍ അഗാധമായ വായനയും പഠനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസം എല്ലാ തരത്തിലുള്ള സര്‍ഗാത്മക ഭാവങ്ങളേയും ഇല്ലായ്മ ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. ലോകത്തിന്റെ ചരിത്രത്തില്‍ ഫാസിസം പടര്‍ന്ന രാജ്യങ്ങളിലൊക്കെയും അഗാധമായി സാഹിത്യത്തിനും സംസ്‌കാരത്തിനും മുറിവേറ്റതായി കാണാന്‍ സാധിക്കും. അതിനെ ചെറുക്കണമെങ്കില്‍ നല്ല സര്‍ഗ ഭാവം ഉണ്ടാവണം.
എസ് എസ് എഫിന്റെ ഈ പുസ്തക സഞ്ചാരം ആ തരത്തില്‍ സര്‍ഗാത്മകതയുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ശ്രമമായി മാറണം.
ദര്‍ശനങ്ങള്‍ കൈമോശം വന്ന് പോകുന്ന ഏത് ജനതയും അരാജകത്വത്തിന്റെയോ വംശീയതയുടെയോ പടുകുഴിയില്‍ വീണു പോവും.വീഴാതിരിക്കണമെങ്കില്‍ ദാര്‍ശനികമായ വീണ്ടെടുപ്പ് ആവശ്യമാണ്.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സര്‍ഗാത്മകമായ രാഷ്ട്രീയവും ആവശ്യമാണ്. രാഷ്ട്രീയം നമ്മള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിന്റെ ജനതയുടെ അതിജീവനുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു കേന്ദ്രങ്ങളില്‍ നിന്നാണ് പുസ്തക സഞ്ചാരം പ്രയാണം ആരംഭിച്ചത്. കാസറകോട് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തസ്‌ലീം കൂടരഞ്ഞി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 14 ജില്ലകളിലൂടെ 45 ദിവസത്തെ പ്രയാണത്തിനു ശേഷം ഫെബ്രുവരി 29 ന് തിരുവനന്തപുരം വിഴിഞ്ഞത്തും വയനാട്ടിലെ കല്‍പറ്റയിലും ഇരു സഞ്ചാരങ്ങളും സമാപിക്കും.
ചാവക്കാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വഫ് വാന്‍ കോട്ടുമല അദ്ധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബ്ദുലത്തീഫ് ഹാജി ബ്ലാങ്ങാട്,പി കെ ജഅഫര്‍ മാസ്റ്റര്‍, താജുദ്ദീന്‍ നിസാമി പൊന്നാനി, ഇ കെ റസാഖ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. പി സി റഊഫ് മിസ്ബാഹി സ്വാഗതവും ഷിഹാബ് സഖാഫി താന്ന്യം നന്ദിയും പറഞ്ഞു.
No comments:
Post a Comment