Latest News

യോജിച്ച സമരത്തിൽ ഉറച്ചുനിൽക്കുന്നു, ഒറ്റയ്‌ക്കൊറ്റയ്‌ക്കു നടത്തുന്ന സമരങ്ങളേക്കാൾ ഏറ്റവും വലുതാണത്‌: മുഖ്യമന്ത്രി

തലശേരി: രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിൽ പ്രതിപക്ഷമുൾപ്പെടെ എല്ലാവരും യോജിച്ചു നിൽക്കണമെന്നാണ്‌ തങ്ങളുടെ നിലപാടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു.[www.malabarflash.com]

യോജിച്ച സമരത്തിന്‌ അതിന്റേതായ കരുത്തുണ്ട്‌. ഒറ്റയ്‌ക്കൊറ്റയ്‌ക്കു നടത്തുന്ന സമരങ്ങളേക്കാൾ ഏറ്റവും വലുതാണത്‌. ചെറിയ കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ വേറിട്ടു നിൽക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. തലശേരിയിൽ ജനസഹസ്രങ്ങൾ അണിനിരന്ന ഭരണഘടനാ സംരക്ഷണ ബഹുജന റാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളം വളരെ പ്രധാനപ്പെട്ട മാതൃകയാണ്‌ ഈ ഘട്ടത്തിൽ കാണിച്ചത്‌. നാം നടത്തിയ ഇടപെടലുകൾ വൻതോതിൽ ചർച്ച ചെയ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുകയില്ലെന്നു പ്രഖ്യാപിക്കുക മാത്രമല്ല ചെയ്‌തത്‌.

ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചു നടത്തിയ സത്യഗ്രഹവും രാഷ്‌ട്രീയ കക്ഷികളും സാമുദായിക സംഘടനകളുമെല്ലാം പങ്കെടുത്ത സംയുക്ത യോഗവും നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയവുമെല്ലാം രാജ്യത്തിനു നൽകിയ സന്ദേശം വലുതാണ്‌. നിർഭാഗ്യവശാൽ ഒന്നിച്ചു നിൽക്കുന്നതിന്റെ പ്രത്യേകത ചെറിയ ചെറിയ മനസ്സിന്റെ ഉടമകളായ ചിലർക്ക്‌ മനസ്സിലാക്കാൻ കഴിയാതെപോയി. എന്തായാലും കേരളം ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്‌. അത്‌ കൂടുതൽ ശക്തമായി തുടരണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമത്തെ തുടർന്ന്‌ രാജ്യത്താകെ പടർന്ന ആശങ്കകളും ഭയപ്പാടും കേരളത്തിലും ചിലരെയെങ്കിലും അലട്ടുന്നുണ്ട്‌. എന്നാൽ, നമ്മളെല്ലാം ഒരു മെയ്യായാണ്‌ ഇവിടെ ജീവിക്കുന്നത്‌. ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി ആശങ്കയ്‌ക്ക്‌ ഇവിടെ സ്ഥാനമില്ല. ഏതു പ്രശ്‌നവും നമുക്ക്‌ ഒരുമിച്ചു നേരിടാം. സർക്കാരും ഒപ്പമുണ്ടാകും.

സ്വാതന്ത്ര്യസമര കാലത്ത്‌ ദൃശ്യമായ അതേ വീറോടെയാണ്‌ വിദ്യാർഥികളടക്കമുള്ളവർ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്‌. ക്രൂരമായ തല്ലു നടന്നതിന്റെ തൊട്ടടുത്ത ദിവസവും ജെഎൻയു വിദ്യാർഥികൾ വലിയ പ്രക്ഷോഭം നടത്തി. ഒരുതരത്തിലുള്ള ശമനമോ പിന്നോട്ടുപോക്കോ നാം കണ്ടില്ല. കൂടുതൽ വീറോടെ വിദ്യാർഥികളും യുവജനങ്ങളും രംഗത്തുവരികയായിരുന്നു. സ്വാതന്ത്ര്യസമര ഘട്ടത്തിൽ ബ്രിട്ടീഷുകാരും മർദിച്ചൊതുക്കാനാണ്‌ ശ്രമിച്ചത്‌. എന്നാൽ ഓരോ മർദനവും കൂടുതൽ കൂടുതൽ ജനവിഭാഗങ്ങളെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ അണിനിരക്കാനാണ്‌ ഇടയാക്കിയത്‌. ഇപ്പോഴും ഇത്തരമൊരു അണിചേരലാണ്‌ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.