Latest News

നാടിന് വെളിച്ചമേകാൻ ഉദുമയില്‍ പ്രതിഷേധ ജ്വാല

ഉദുമ: കെ.എസ്.ടി.പി. റോഡിലെ ഉദുമ ടൗണിനെ ഇരുട്ടിൽ നിന്നും മോചിപ്പിക്കുക, കെ.എസ്.ടി പി റോഡിൽ ഉദുമ കളനാട് ഓവർ ബ്രിഡ്ജ് മുതൽ പാലക്കുന്ന് വരെ കത്താത്ത മുഴുവൻ സോളാർ ലൈറ്റുകളും പ്രകാശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദുമക്കാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉദുമ ബസ് സ്റ്റാന്റ് പരിസരത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല തീർത്തു.[www.malabarflash.com]

കൂട്ടായ്മ അഡ്മിനർ അബ്ദുല്ലക്കുഞ്ഞി ഉദുമ, മെമ്പർമാരായ ശ്രീധരൻ വയലിൻ, സി.കെ. കണ്ണൻ പാലക്കുന്ന്, ഡോ. അബ്ദുൽ അഷറഫ്, കെ.ആർ. സുരേഷ് ബാബു , മധുകുമാർ നാഗത്തിങ്കാൽ, എച്ച് ഹരിഹരൻ, മധു കൊക്കാൽ , അനീഷ് പണിക്കർ , അനിൽ ഉദുമ, ഹനീഫ തളങ്കര, ടി.കെ.ഹസൈനാർ, ഇ.പി.ഹസ്സൻ, മാഹിൻ പുതിയ നിരം എന്നിവർ നേതൃത്വം നൽകി.

കെ.എസ്ടി. പി. സ്ഥാപിച്ച സോളാർ ലൈറ്റുകൾ പലതും തകരാറിലായി മാസങ്ങൾ കഴിഞ്ഞു. എം.എൽ.എ ഫണ്ടിൽ റെയിൽ വേ ഗേറ്റിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പല ദിവസങ്ങളിലും മിഴി തുറക്കാറില്ല . പഞ്ചായത്ത് മുൻ ഭരണ സമിതി ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച സോളാർ ലൈറ്റിന്റെ വിളക്കു കാൽ കാട് മൂടി കിടക്കുന്നു. ഇതിന്റെ ബാറ്ററികൾ സാമൂഹിക വിരുദ്ധർ മോഷ്ടിച്ചു കൊണ്ടു പോയി.

ഇതിനു പകരം പുതിയത് സ്ഥാപിക്കാൻ ഇപ്പോഴത്തെ ഭരണ സമിതി തയ്യാറായില്ല. ടൗണിലെ കൂരിരുട്ട് കാരണം പല ദിവസങ്ങളിലും രാത്രി കാലങ്ങളിൽ വാഹനാപകടം നടക്കുന്നു.

നിരവധി അപകട മരണങ്ങളും ടൗണിൽ നടന്നിട്ടുണ്ട്. ഈ സമരം സൂചന മാത്രമാണെന്നും പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ജ്വാലയിൽ പ്രസംഗിച്ചവർ മുന്നറിയിപ്പ് നൽകി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.