Latest News

സെല്ലുലോയ്ഡ് മികച്ച ചിത്രം; പൃഥ്വിരാജ് നടന്‍, റിമ നടി

തിരുവനന്തപുരം: ജെ.സി.ഡാനിയേലിന്റെ ജീവിതം പറഞ്ഞ കമലിന്റെ 'സെല്ലുലോയ്ഡ്' മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രം ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു. മധുപാല്‍ സംവിധാനം ചെയ്ത 'ഒഴിമുറി' ആണ് മികച്ച രണ്ടാമത്തെ ചിത്രം.
പൃഥ്വിരാജ് ആണ് മികച്ച നടന്‍. 'സെല്ലുലോയ്ഡ്', 'അയാളും ഞാനും തമ്മില്‍' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് പുരസ്‌കാരം. '22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രത്തിലെ പ്രകടനത്തിന് റീമ കല്ലിങ്കല്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
'കളിയച്ഛന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മനോജ്.കെ.ജയന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ലഭിച്ചു. 'ഷട്ടര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സജിത മഠത്തില്‍ ആണ് മികച്ച രണ്ടാമത്തെ നടി. 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിലെ വേഷത്തിന് സലീം കുമാര്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
'മഞ്ചാടിക്കുരു' എന്ന ചിത്രത്തിത്തിലൂടെ അഞ്ജലി മേനോന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. മനോജ് കാന 'ചായില്യം' എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.
'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ മധു നീലകണ്ഠന്‍ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടി.
സെല്ലുലോയ്ഡിന് സംഗീതമൊരുക്കിയ എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. ബിജി ബാലിന് പശ്ചാത്തല സംഗീതത്തിനും വിജയ് യേശുദാസിന് ഗായകനുമുള്ള പുരസ്‌കാരം ലഭിച്ചു. സിതാര കൃഷ്ണകുമാര്‍ ആണ് മികച്ച ഗായിക.
ജി.അജിത്ത് കുമാര്‍ മികച്ച ചിത്രസംയോജകനും എം.ജി.റോഷന്‍ മികച്ച മേക്കപ്പ്മാനുമായി. 'ബ്ലാക്ക് ഫോറസ്റ്റ്' ആണ് മികച്ച കുട്ടികളുടെ ചിത്രം. ഈ വര്‍ഷം മുതല്‍ തുടങ്ങിയ മികച്ച കളറിസ്റ്റിനുള്ള പുരസ്‌കാരം ജയദീപ് നേടി. സുരേഷ് കൊല്ലം ആണ് മികച്ച കലാ സംവിധായകന്‍.
84 ചിത്രങ്ങളാണ് സംസ്ഥാന പുരസ്‌കാരത്തിനുള്ള മത്സരത്തിനായി ജൂറിയുടെ മുന്നിലെത്തിയിരുന്നത്. സംവിധായകന്‍ ഐ.വി.ശശി അധ്യക്ഷനായ ജൂറിയില്‍ സംവിധായകന്‍ സിബി മലയില്‍, ക്യാമറാമാന്‍ വിപിന്‍ മോഹന്‍, സംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍, ജയശ്രീ കിഷോര്‍, എഡിറ്റര്‍ രമേഷ് വിക്രമന്‍, നടി സുരേഖ, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.മനോജ്കുമാര്‍ (മെംബര്‍ സെക്രട്ടറി) എന്നിവരായിരുന്നു അംഗങ്ങള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.