ന്യുഡല്‍ഹി:സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ആദ്യദിവസം കേരളത്തില്‍ ജനജീവിതം പാടേ സ്തംഭിച്ചപ്പോള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ സമ്മിശ്രപ്രതികരണം. ബാങ്കിങ്‌മേഖല നിശ്ചലമായതിനാല്‍ രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ മരവിച്ച അവസ്ഥയിലായി.
ഡല്‍ഹിക്കടുത്ത് വ്യവസായനഗരമായ നോയ്ഡയില്‍ പണിമുടക്കി പ്രകടനം നടത്തിയ തൊഴിലാളികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ടു പേര്‍ മരിച്ചു. പ്രശാന്ത് എന്നയാള്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആസ്പത്രിയിലുമാണ് മരിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഫാക്ടറി കെട്ടിടങ്ങളും കാറുകളും സമരാനുകൂലികള്‍ തീവെച്ചു നശിപ്പിച്ചു.
ഹരിയാണയിലെ അംബാലയില്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ച ട്രാന്‍സ്‌പോര്‍ട്ട് ബസ് തടയാനുള്ള ശ്രമത്തിനിടെ എ.ഐ.ടി.യു.സി. നേതാവ് നരേന്ദര്‍സിങ് ബസ്സിന്റെ ചക്രത്തിനടിയില്‍ക്കുടുങ്ങി മരിച്ചു.
നോയ്ഡ ഫേസ്-2 ലെ ഹോസിയറി കോംപഌക്‌സാണ് തീവെച്ച് നശിപ്പിച്ചത്. ഒട്ടേറെ ഫാക്ടറികള്‍ക്കു നേരെ കല്ലേറുണ്ടായി. ഉല്‍പ്പന്നങ്ങള്‍ പരക്കെ കൊള്ളയടിച്ചതായും പരാതിയുണ്ട്. അഗ്‌നിശമനസേനയുടെ ഒരു വണ്ടിക്കും അക്രമികള്‍ തീവെച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയില്‍ പൊതുഗതാഗതസംവിധാനം തടസ്സപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കി. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ തണുത്തപ്രതികരണമായിരുന്നു. മമത ബാനര്‍ജി അധികാരത്തിലുള്ള പശ്ചിമബംഗാളില്‍ പണിമുടക്ക് ഭാഗികമായേ ബാധിച്ചുള്ളൂ. എന്നാല്‍ ത്രിപുരയില്‍ കേരളത്തിന് സമാനമായ നിശ്ചലാവസ്ഥയായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. കല്‍ക്കരിഖനികള്‍ പലയിടത്തും പ്രവര്‍ത്തിച്ചില്ല.
കേരളം പൂര്‍ണമായി സ്തംഭിച്ച പണിമുടക്കില്‍ അങ്ങിങ്ങ് അക്രമങ്ങളുമുണ്ടായി. പലയിടത്തും വാഹനങ്ങള്‍ക്കുനേരേ സമരാനുകൂലികള്‍ കല്ലേറു നടത്തി. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസ്സുകളും ഓട്ടോ-ടാക്‌സികളും സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
ബാങ്ക് യൂണിയനുകളുടെ പണിമുടക്ക് ദേശീയതലത്തില്‍ പൂര്‍ണമാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളില്‍ സമരം പൂര്‍ണമായിരുന്നു. വിദേശബാങ്കുകളിലേതുള്‍പ്പെടെ പത്തുലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്ന് എ.ഐ.ബി.ഇ.എ. വൈസ് പ്രസിഡന്റ് വിശ്വാസ് ഉതാഗി അറിയിച്ചു. ഇന്‍ഷുറന്‍സ് മേഖലയും പ്രവര്‍ത്തിച്ചില്ല.
ഗതാഗതമേഖലയും സമരത്തോട് ആഭിമുഖ്യം പ്രഖ്യാപിച്ചു. പ്രധാനനഗരങ്ങളില്‍ വാഹനങ്ങള്‍ ഭാഗികമായാണ് നിരത്തിലിറങ്ങിയത്.
രാജ്യത്തെ സാമ്പത്തികതലസ്ഥാനമായ മുംബൈയില്‍ തണുത്ത പ്രതികരണമാണ്. ബാങ്കുകളും തൊഴില്‍ശാലകളും അടഞ്ഞുകിടന്നതൊഴിച്ചാല്‍ നഗരത്തിലെ ജീവിതം സാധാരണമാണ്. ലോക്കല്‍ തീവണ്ടികളും ബസ്സുകളും സാധാരണ പോലെ ഓടി. എന്നാല്‍ വ്യവസായ മേഖലയായ അന്ധേരി, ഭാണ്ഡൂപ്പ്, വസായ്, പാല്‍ഘര്‍, ദഹാനു, ഡോംബിവ്‌ലി, പനവേല്‍ എന്നിവിടങ്ങളിലെ തൊഴില്‍ശാലകളെ ബന്ദ് സാരമായി ബാധിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ യാത്രക്കുരുക്കാണ് ജനങ്ങളെ വലച്ചത്. ഓട്ടോ-ടാക്‌സികളിലൊരു വിഭാഗം നിരത്തിലിറങ്ങാത്തത് വലിയ പ്രശ്‌നമായി. മെട്രോ സര്‍വീസുകള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിച്ചെങ്കിലും പതിവില്ലാത്ത തിരക്കായിരുന്നു.
തമിഴ്‌നാട്ടില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെങ്കിലും വാഹനഗതാഗതത്തിന് തടസ്സങ്ങളൊന്നും നേരിട്ടിട്ടില്ല. ചെന്നൈയില്‍ സര്‍ക്കാര്‍ ബസ്സുകളും സബര്‍ബന്‍ ട്രെയിനുകളും പതിവുപോലെ സര്‍വീസ് നടത്തി. ബസ്സുകളിലും സബര്‍ബന്‍ തീവണ്ടികളിലും പതിവുപോലെ തിരക്കുണ്ടായിരുന്നു.
ഐ.ടി. നഗരമായ ബാംഗ്ലൂരില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കാവേരി പ്രശ്‌നത്തെത്തുടര്‍ന്ന് ബന്ദ് പ്രഖ്യാപിച്ചപ്പോള്‍ നഗരം നിശ്ചലമായിരുന്നു. പൊതുഗതാഗത സര്‍വീസ് മുടങ്ങി. വ്യാപാര സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചതേയില്ല.
ആന്ധ്രാപ്രദേശില്‍ സ്‌കൂളുകളും കോളേജുകളും പതിവുപോലെ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നിലകുറവാണെങ്കിലും തടസ്സപ്പെട്ടില്ല. എന്നാല്‍, ബാങ്കുകളില്‍ പണിമുടക്ക് പൂര്‍ണമാണ്. ഐ.ടി. മേഖലയെ പണിമുടക്ക് ബാധിച്ചതേയില്ല. ഹൈദരാബാദില്‍ പൊതുഗതാഗതസംവിധാനത്തെ ഭാഗികമായി ബാധിച്ചു.
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പണിമുടക്കിനെതിരെ കര്‍ക്കശനിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കൊല്‍ക്കത്ത നഗരം അടക്കം പലയിടങ്ങളിലും ജനജീവിതം ദുസ്സഹമായി. ചിലയിടങ്ങളില്‍ ബന്ദനുകൂലികളും തൃണമൂല്‍ കോണ്‍ഗ്രസ്സുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പഞ്ചാബ്, ഹരിയാണ, ജമ്മുകശ്മീര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഗതാഗതത്തെയാണ് പണിമുടക്ക് പ്രധാനമായും ബാധിച്ചത്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ജനജീവിതം ദുസ്സഹമായി.കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി, ജനവിരുദ്ധനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 11 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്രതൊഴിലാളി ഫെഡറേഷനുകളുടെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
ഇടത് അനുകൂല യൂണിയനുകള്‍ക്കൊപ്പം ഐ.എന്‍.ടി.യു.സി.യും ബി.എം.എസ്സും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് വ്യാഴാഴ്ച രാത്രി 12 മണിക്കേ അവസാനിക്കുകയുള്ളൂ.
News: Mathrubhumi
Photo: zeenews


No comments:
Post a Comment