Latest News

മ്യുള്ളരുടെ ഹാട്രിക്കിലൂടെ ജര്‍മ്മനി പോര്‍ച്ചുഗല്ലിനെ തകര്‍ത്തു

ബസീലിയ: പാരമ്പര്യവൈരികളുടെ പക ആവോളം നിറഞ്ഞ ആവേശപ്പോരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ചുഗലിനെതിരെ ജര്‍മന്‍ പടക്ക് എതിരില്ലാത്ത നാലുഗോളിന്‍െറ ഗംഭീര ജയം.
ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ തോമസ് മ്യൂളറുടെ ഹാട്രിക് നേട്ടമായിരുന്നു ജര്‍മന്‍ ജയത്തിന്‍െറ സവിശേഷത. മ്യൂളറുടെ (8) പെനാല്‍റ്റി ഗോളിലൂടെ മുന്നിലത്തെിയ ജര്‍മനിക്കായി പിന്നാലെ മാറ്റ്സ് ഹുമ്മല്‍സ് (32) ബുള്ളറ്റ് ഹെഡറിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു തകര്‍പ്പന്‍ ഗോളില്‍ (45) ജര്‍മന്‍ മേധാവിത്വം ഉറപ്പിച്ച മ്യൂളര്‍ രണ്ടാം പകുതിയിലാണ് ഹാട്രിക് (78) നേട്ടം തികച്ചത്. ബ്രസീല്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം കൂടിയായിരുന്നു ഇത്. 
ജര്‍മന്‍ മുന്നേറ്റത്തോടെയായിരുന്നു സംഭവബഹുലമായ ആദ്യപകുതിയുടെ തുടക്കം. രണ്ടാം മിനിറ്റില്‍ ജെറോം ബോആടെങ്ങിന്‍െറ ക്രോസില്‍ യുവതാരം മാറിയോ ഗ്വേറ്റ്സേ തൊടുത്ത ഹെഡര്‍ എതിരാളികളെ വിറപ്പിച്ചെങ്കിലും പുറത്തേക്കാണ് പോയത്. എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ തന്നെ പ്രത്യാക്രമണം തുടങ്ങിയ പോര്‍ചുഗലിനായി റൊണാള്‍ഡോയും ഹ്യൂഗോ അല്‍മെയ്ഡയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം എതിര്‍ പോസ്റ്റിനടുത്തത്തെിയെങ്കിലും റൊണാള്‍ഡോയുടെ ഷോട്ട് ജര്‍മന്‍ഗോളി മാനുവല്‍ ന്യൂയര്‍ രക്ഷപ്പെടുത്തി. 
പിന്നാലെ ഒറ്റക്കുള്ള മുന്നേറ്റത്തിനൊടുവില്‍ റൊണാള്‍ഡോ വീണ്ടും എതിര്‍മുഖം വിറപ്പിച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. അവസരങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ജര്‍മനിയുടെ സമി ഖെദീരയുടെ ഗോള്‍ ശ്രമവും പാഴായി. എന്നാല്‍, ആവേശം തണുക്കാതെ ജര്‍മന്‍ നിര വീണ്ടും കുതിച്ചു. എട്ടാം മിനിറ്റില്‍ പന്തുമായി ബോക്സിലേക്ക് മുന്നേറിയ ഗ്വേറ്റ്സെ ഷോട്ടുതൊടുക്കും മുമ്പ് ജാവോ പെരീര വീഴ്ത്തിയപ്പോള്‍ ഇക്കുറി റഫറി വിരല്‍ ചൂണ്ടിയത് പെനാല്‍റ്റി സ്പോട്ടിലേക്ക്. 
കിക്കെടുത്ത മ്യൂളര്‍ക്ക് പിഴച്ചില്ല. പോസ്റ്റിന്‍െറ വലതുമൂല ലക്ഷ്യമാക്കിയുള്ള നിലംപാറ്റിയ ഷോട്ട് ഗോളി റൂയി പാട്രിഷ്യോയെ കീഴടക്കി വലയില്‍ (1-0). ഗോള്‍ വീണതോടെ പോര്‍ചുഗല്‍ തിരിച്ചുകയറാന്‍ കഠിനശ്രമംതന്നെ പുറത്തെടുത്തു. എന്നാല്‍, പിന്‍നിര ശക്തമാക്കിക്കൊണ്ടുള്ള ജര്‍മന്‍ തന്ത്രത്തില്‍ അവരുടെ നീക്കങ്ങള്‍ പാളി. 25ാം മിനിറ്റില്‍ സമനില പിടിക്കാന്‍ ലഭിച്ച മികച്ചൊരു അവസരം പാഴായി. 

നിരന്ന് നില്‍ക്കുന്ന ജര്‍മന്‍ മതില്‍ ഭേദിച്ച് ബോക്സിനുപുറത്ത് നിന്ന് നാനി തൊടുത്ത വെടിയുണ്ട മുകള്‍ബാറിന് തൊട്ടുതൊട്ടില്ളെന്ന മട്ടില്‍ പുറത്തേക്ക് തെറിച്ചു. ഇതിനിടെ കാലിന് പരിക്കേറ്റ അല്‍മെയ്ഡക്ക് പകരക്കാരനായി പോര്‍ചുഗല്‍ നിരയില്‍ എഡര്‍ കളത്തിലത്തെി. 30ാം മിനിറ്റില്‍ ടോണി ക്രൂസെടുത്ത ഫ്രീകിക്ക് അപകടം വിതച്ചെങ്കിലും റൊണാള്‍ഡോ ഹെഡറിലൂടെ ഭീഷണി ഒഴിവാക്കി. എന്നാല്‍, പോര്‍ചുഗല്‍ ആശ്വസിക്കും മുമ്പേ ജര്‍മനി രണ്ടാംഗോള്‍ നേടി. 

 എതിര്‍ പ്രിതിരോധം സ്ഥാനം തെറ്റിനില്‍ക്കെ ബോക്സിനുള്ളിലേക്ക് എത്തിയ ക്രോസ് കടുകിട തെറ്റാതെ ഹമ്മല്‍സ് വലയിലാക്കി. 
ഇതിന്‍െറ ഞെട്ടല്‍ മാറുംമുമ്പെ പോര്‍ചുഗലിന്‍െറ പ്രതിരോധക്കാരന്‍ പെപെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പന്തെടുക്കുന്നതിനിടെ മ്യൂളറുടെ മുഖത്ത് ചവിട്ടിയതിനായിരുന്നു പെപെക്ക് റഫറി ശിക്ഷ വിധിച്ചത്. 
എതിര്‍ പ്രതിരോധം താളം വീണ്ടെടുക്കുന്നതിനുമുമ്പേ അവസരം മുതലാക്കി ഇടവേളക്ക് തൊട്ടുമുമ്പ് മ്യൂളര്‍ മത്സരത്തിലെ രണ്ടാം ഗോള്‍നേടി ടീമിന്‍െറ ലീഡ് 3-0 എന്ന നിലയിലേക്ക് ഉയര്‍ത്തി. 

രണ്ടാം പകുതിയില്‍ മധ്യനിരയില്‍ മിഗ്വെ വലേസയെ തിരിച്ചുവിളിച്ച് പ്രതിരോധപിഴവ് തീര്‍ക്കാന്‍ റിക്കാര്‍ഡോ കോസ്റ്റ പോര്‍ചുഗല്‍ നിരയിലത്തെി. എന്നാല്‍, ആക്രമണത്തില്‍ നിന്ന് അല്‍പം പിന്‍വാങ്ങി പിന്‍നിര ഭദ്രമാക്കിക്കൊണ്ടായിരുന്നു ജര്‍മനിയുടെ നീക്കങ്ങള്‍. മറുവശത്ത് പോര്‍ചുഗല്‍ അവസരങ്ങള്‍ ഒരുക്കിയെടുത്തെങ്കിലും ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളില്‍ അവ ഒതുങ്ങി. 

ഇതിനിടെ, ഫാബിയോ കോണ്‍ട്രാവോക്ക് പകരക്കാരനായി പോര്‍ചുഗല്‍ നിരയില്‍ ആന്ദ്ര അല്‍മെയ്ഡയും മെസൂദ് യ്യോസീലിന് പകരക്കാരനായി ആന്ദ്രേ ഷ്യൂയര്‍ലേയുമത്തെി. 65ാം മിനിറ്റില്‍ ഗ്വേറ്റ്സേക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പാഴായി. മറുവശത്ത് എതിര്‍മുഖത്തേക്കുള്ള നീക്കങ്ങള്‍ ഇടക്ക് ശക്തിയാര്‍ജിച്ചെങ്കിലും പ്രതിരോധത്തില്‍ തട്ടി വീണു. 

78ാം മിനിറ്റിലാണ് മ്യൂളറുടെ ഹാട്രിക് ഗോള്‍ പിറന്നത്. ഷ്യൂയര്‍ലേ വിങ്ങില്‍നിന്ന് നല്‍കിയ ക്രോസ് പിടിച്ചെടുക്കാന്‍ മുന്നോട്ടുകയറിയ ഗോളി പെട്രിഷ്യേക്ക് പിഴച്ചു. ബോക്സില്‍ കാത്തുകിടന്ന മ്യൂളര്‍ പോയന്‍റ് ബ്ളാങ്ക് റേഞ്ചില്‍ പന്ത് വരകടത്തി. ഇതോടെ പ്രതിരോധം കൂടുതല്‍ ശക്തമാക്കി ജര്‍മന്‍ കോച്ച് യോ ആഹിം ലോയ്വ് മാറ്റങ്ങള്‍ കൊണ്ടുവന്നതോടെ പോര്‍ചുഗല്‍ മുന്നേറ്റങ്ങള്‍ക്ക് ബോക്സിലേക്ക് കടക്കും മുമ്പേ കാറ്റുപോയി.
(കടപ്പാട്: മാധ്യമം)


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.