Latest News

റിയാദ് ജയിലില്‍ നിന്ന് നാല് മലയാളികള്‍ക്ക് കൂടി മോചനം

റിയാദ്:ശിക്ഷാ കാലാവധി കഴിഞ്ഞ് എയര്‍ ടിക്കറ്റ് ഇല്ലാതെയും മറ്റും റിയാദിലെ അല്‍ ഹയിര്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാല് മലയാളികള്‍ കൂടി ഇന്നലെ നാട്ടിലേക്ക് തിരിച്ചു. വര്‍ഷങ്ങളായി അല്‍ ഹയിര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ ആയപ്പള്ളി മുഹമ്മദ് അലി, കൊല്ലം ചടയമംഗലം സ്വദേശികളായ പരമേശ്വരന്‍ പിള്ള, ശ്രീകുമാര്‍ എന്നിവരാണ് ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതേ വിമാനത്തില്‍ തന്നെ അല്‍ ഹയിര്‍ ജയിലില്‍ ഒന്നര വര്‍ഷത്തിലേറെയായി കഴിയുന്ന തൃശ്ശൂര്‍ ജില്ലയിലെ ചൂണ്ടല്‍ സ്വദേശി ഹരിദാസും നാട്ടിലേക്ക് തിരിച്ചു.
സാമൂഹ്യ സംഘടനകള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഐ.ടി.എല്‍. വേള്‍ഡ്, ഇറാം ഗ്രൂപ്പ് സി.എം.ഡി. ഡോ. സിദ്ദീഖ് അഹമ്മദ് ആണ് നാല് ടിക്കറ്റുകളും നല്‍കിയത്. മൂന്നുപേര്‍ക്ക് കഴിഞ്ഞവര്‍ഷം ഐ.ടി.എല്‍. സ്‌പോണ്‍സര്‍ ചെയ്തിരുന്ന കേരള സര്‍ക്കാറും നോര്‍ക്കയും ചേര്‍ന്ന് പ്രഖ്യാപിച്ച സ്വപ്നസാഫല്യം സ്‌കീമില്‍ ടിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് മലപ്പുറം എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (മിഅ) ഭാരവാഹികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും യാത്രയ്ക്കുള്ള മറ്റ് രേഖകള്‍ ശരിയാവാത്തതിനാല്‍ ഐ.ടി.എല്‍. നല്‍കിയ ടിക്കറ്റ് റദ്ദാവുകയായിരുന്നു.
എംബസിയില്‍ നിന്ന് നല്‍കിയ ഇ.സി. യില്‍ എക്‌സിറ്റ് അടിച്ച് കിട്ടിയതിനാല്‍ കാലാവധി കഴിഞ്ഞെങ്കിലും സ്വപ്നസാഫല്യം പദ്ധതിയില്‍ തന്നെ അവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് അനുമതി നല്‍കുകയായിരുന്നു. ഇവര്‍ക്കുള്ള വിമാന ടിക്കറ്റുകള്‍ മിഅ ഭാരവാഹികളായ ഹാരീസ് ചോല, സിദ്ദിഖ് കല്ലുപറമ്പന്‍, ഷാനവാസ് വാഴക്കാട്, ഷാഫി കൊടിഞ്ഞി എന്നിവര്‍ ചേര്‍ന്ന് ഐ.ടി.എല്‍. വേള്‍ഡ് ഉദ്യോഗസ്ഥരായ അനീസ് റഹ്മാന്‍ കോട്ടയ്ക്കല്‍, ഷറഫുദ്ദീന്‍ ചെമ്മാട് എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.
15 മാസത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് നാട്ടില്‍ പോകാനായി ഹരിദാസിന്റെ ബന്ധുക്കള്‍ ഹാജരാക്കിയ എയര്‍ ടിക്കറ്റില്‍ പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വിരലടയാളം ശരിയായി പതിയാത്തതിനാല്‍ തിരിച്ച് ജയിലില്‍ തന്നെ മടങ്ങിയെത്തിയതായിരുന്നു. ഹരിദാസ്. കഴിഞ്ഞദിവസം ഹരിദാസിന് സ്വപ്ന സാഫല്യം പദ്ധതിയില്‍ ടിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ഷിഹാബ് കൊട്ടുകാടും ഫ്രണ്ട്‌സ് ഓഫ് കേരളയുടെ അന്‍സാര്‍ പള്ളുരുത്തി, അബ്ദുല്‍ ജബാര്‍, നൗഷാദ് എന്നിവരും അപേക്ഷ നല്കിയിരുന്നു. എന്നാല്‍, സ്വപ്നസാഫല്യം പദ്ധതിയില്‍ ഐ.ടി.എല്‍. വേള്‍ഡ് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത കാലാവധി കഴിഞ്ഞതിനാല്‍ ഡോ. സിദ്ദീഖ് അഹമ്മദിന്റെ പിതാവിന്റെ സ്മരണാര്‍ഥം സ്ഥാപിച്ച എ.എച്ച്.ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടനയാണ് ഹരിദാസിനുള്ള ടിക്കറ്റ് നല്‍കിയത്. ഹരിദാസിനു വേണ്ടി ഐ.ടി.എല്‍. ബിസിനസ് മാനേജര്‍ അബ്ദുറഹ്മാന്‍ അല്‍ഖഹത്താനിയില്‍ നിന്ന് ഫ്രണ്ട്‌സ് ഓഫ് കേരളയുടെ അന്‍സാര്‍ പള്ളുരുത്തിയാണ് ടിക്കറ്റ് ഏറ്റുവാങ്ങി അല്‍ ഹയിര്‍ ജയിലിലെത്തിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.