Latest News

ഭാഷാബന്ധം ഉറപ്പിക്കാന്‍ കാസര്‍കോട്ടുകാര്‍ പാലമായി പ്രവര്‍ത്തിക്കണം

കാസര്‍കോട്: കന്നട-മലയാള ഭാഷാബന്ധം അരക്കിട്ട്് ഉറപ്പിക്കാന്‍ കാസര്‍കോട് ജില്ല പോലെയുളള അതിര്‍ത്തി പ്രദേശങ്ങളിലുളളവര്‍ ഭാഷകളുടെ പാലമായി പ്രവര്‍ത്തിക്കണമെന്ന് ത്രിഭാഷാ സംഗമം സെമിനാര്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍് ഭാരത് ഭവന്‍ സംഘടിപ്പിച്ച ത്രിഭാഷാ സംഗമം ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന പ്രദേശമായ കാസര്‍കോട് കേരളത്തിന് അഭിമാനമാണെന്ന് കളക്ടര്‍ പറഞ്ഞു. മറ്റു ഭാഷകളെ വ്രണപ്പെടുത്തുന്ന ഹീന പ്രവര്‍ത്തി ഉപേക്ഷിക്കണം.കന്നട ഭാഷക്കാരെ വ്രണപ്പെടുത്തുന്ന രീതിയില്‍ കാസര്‍കോട് കോളേജില്‍ പോസ്റ്ററുകള്‍ പതിച്ചത് അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. ഭാഷാ ന്യൂനപക്ഷകാരുടെ ഉന്നമനത്തിന് പ്രത്യേക അവകാശങ്ങളും പദ്ധതികളുമുണ്ട്. മലയാളികള്‍ ഇംഗ്ലീഷിനു പിറകെ പോകുന്നതിനു പകരം കന്നടയും മറ്റു ഭാഷകളും പഠിക്കാന്‍ മുന്നോട്ടുവരണം. താന്‍ കന്നട പഠിക്കാന്‍ ശ്രമം നടത്തുന്നതായും കളക്ടര്‍ പറഞ്ഞു.
കാസര്‍കോട് സപ്ത ഭാഷാ സംഗമ ഭൂമിയെന്ന് പറയുന്നതിലുപരി അനേകം ഭാഷകള്‍ സംസാരിക്കുന്ന ബഹുഭാഷാ ഭൂമിയെന്ന് അധ്യക്ഷത വഹിച്ച പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പ്രൊഫസര്‍ എ.ശ്രീനാഥ് അഭിപ്രായപ്പെട്ടു. തുളുഭാഷയില്‍ തന്നെ ജില്ലയില്‍ 19 ഓളം ഭാഷാ ഭേദമുണ്ട് കന്നടയില്‍ ഒന്‍പത് എണ്ണവും ഇതു പോലെ തന്നെ മലയാളത്തിലും ഭാഷാ ഭേദമുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളായ മലയാളം-കന്നട-തമിഴ്-തെലുങ്കു-തുളു ഭാഷകള്‍ പരസ്പരം അടുത്ത ബന്ധമുളളവയാണെന്നും എല്ലാ ഭാഷകളേയും പഠിച്ചാല്‍ മാത്രമേ ഓരോ ഭാഷയുടേയും മഹത്വം മനസിലാക്കാന്‍ കഴിയുകയുളളുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹംപി കന്നട യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ.മോഹന കുന്റാര്‍ പറഞ്ഞു. ഈ ഭാഷകളെ പരസ്പരം പഠിക്കാന്‍ ഓരോ ഭാഷയുടേയും സാഹിത്യ സൃഷ്ടികള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഭാഷ ഒരു മാധ്യമവും സംസ്‌കാകരവുമാണ്. ഒരു ഭാഷയിലെ അറിവും സംസ്‌ക്കാരവും മറ്റു ഭാഷകള്‍ക്ക് കൈമാറാന്‍ പദ്ധതികള്‍ ഉണ്ടാവണം. കയ്യൂര്‍ സമരത്തെ അടിസ്ഥാനമാക്കി കന്നട എഴുത്തുകാരന്‍ നിരഞ്ജനാ രചിച്ച ചിരസ്മരണ എന്ന നോവല്‍ 1974ല്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതോടെ അത് കേരളത്തില്‍ വന്‍ ചലനമുണ്ടാക്കി. മലയാളികള്‍ അത് തങ്ങളുടെ സ്വന്തം സാഹിത്യ സൃഷ്ടിയെന്ന പോലെ സ്വീകരിച്ചുവെന്ന് മോഹന്‍ കുന്റാര്‍ ചൂണ്ടികാട്ടി. ഈ കൃതിയിലൂടെ കയ്യൂര്‍ സമരം പുതിയ തലമുറയ്ക്ക് ആവേശം പകരുകയും ചെയ്തു. എന്നാല്‍ കന്നടയിലെ വളരെ ചുരുക്കം എഴുത്തുകാരന്‍മാരുടെ കൃതികള്‍ മാത്രമേ മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുളളൂ. കന്നട സാഹിത്യത്തിന്റെ ആചാര്യന്‍മാരായ കുവെംപു,ബേന്ദ്രെ,ഗോവിന്ദപൈ തുടങ്ങിയവരുടെ രചനകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. മലയാളത്തില്‍ നിന്നു കന്നടയിലേക്ക് വിവര്‍ത്തനം നടക്കുന്നത് പോലെ കന്നടയിലെ നല്ല സൃഷ്ടികള്‍ മലയാളത്തിലേക്ക് തര്‍ജജ്ജുമ ചെയ്യപ്പെടുന്നില്ല. മലയാളത്തിലേക്ക് തര്‍ജ്ജുമ ചെയ്യുന്നവരുടെ എണ്ണം വെറും മൂന്നോ,നാലോ പേരിലേക്ക് ചുരുങ്ങി പോകുന്നു. സാഹിത്യ സൃഷ്ടികള്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളുടെ കലകള്‍ പരസ്പരം അറിയാനുളള വേദികള്‍ ഒരുക്കണം.
വളളത്തോളിനൊപ്പം രാഷ്ട്രകവി പദം ലഭിച്ച മഞ്ചേശ്വരം ഗോവിന്ദപൈയെ നമ്മള്‍ പാടെ അവഗണിച്ചുവെന്ന് മലയാളവും അയല്‍പക്കങ്ങളും എന്ന വിഷയം അവതരിപ്പിച്ച നോവലിസ്റ്റ് അംബികാ സുതന്‍ മാങ്ങാട് പറഞ്ഞു. കന്നടയും,മലയാളവും,തുളുവും കാസര്‍കോടിന്റെ എല്ലാവരുടേയും മാതൃഭാഷയാണ്. ഈ ഭാഷകള്‍ ആദരിക്കപ്പെടുകയും വേണം. തുളു കന്നട ഭാഷക്കാര്‍ക്ക് പിഎസ് സി പരീക്ഷ എഴുതി ജോലി ലഭിക്കാനുളള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. യൂറോപ്യന്‍ ഭാഷകള്‍, അറബി,സംസ്‌കൃതം,പ്രാകൃതം എന്നീ ഭാഷകളില്‍ നിന്നും മലയാളം ധാരാളം ശബ്ദം കടംകൊണ്ടിട്ടുണ്ട്. അധികാരം ഉണ്ടെങ്കിലേ ഭാഷ സംരക്ഷിക്കപ്പെടുകയുളളൂ.അധികാരമില്ലാത്ത കീഴാള ഭാഷയായതു കൊണ്ടാണ് തുളുവിന് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത്. തെക്കുനിന്നും വരുന്ന ഉദ്യോഗസ്ഥന്റെ താല്‍പര്യത്തിനനുസരിച്ച് മൈരെ വില്ലേജിന്റെ പേര് ഷേണി എന്ന് മാറ്റിയത് ചര്‍ച്ച ചെയ്യേണ്ടതാണെന്ന് അംബികാസുതന്‍ പറഞ്ഞു.
സംഗമത്തില്‍ കെ.എസ്.വെങ്കിടാചലം, കന്നട-മലയാളം വിവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, നാടകാനുഭവങ്ങളെക്കുറിച്ച് പി.എ.എം.റഷീദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.പ്രൊഫസര്‍ രത്‌നാകരമല്ലമൂല,ഡോ.കെ.എസ്.സുക്ഷമകുമാരി,ഡോ.ജി.മഹേശ്വരി എന്നിവര്‍ പ്രസംഗിച്ചു.ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി സതീഷ് ബാബു പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.