Latest News

മഅദനിക്ക് ജാമ്യം: ആഹ്ലാദപ്രകടനം അതിരുവിടരുത്-പൂന്തുറ സിറാജ്

കൊല്ലം: മഅദനിക്ക് ഇടക്കാല ജാമ്യം ലഭിച്ചതിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ അതിരുവിടാതിരിക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആഹ്ലാദപ്രകടനം നടത്താന്‍ പാര്‍ട്ടി ആഹ്വാനം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യം അനുവദിച്ചുകൊണ്ട് വിചാരണക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ ഉപാധികളും അക്ഷരംപ്രതി പാലിയ്ക്കുമെന്നും സിറാജ് പറഞ്ഞു.
മാര്‍ച്ച് എട്ടുമുതല്‍ 12 വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മഅദനി കേരളത്തില്‍ എത്തുമ്പോള്‍ പാലിക്കേണ്ട എല്ലാ ക്രമീകരണങ്ങളുടെയും ചുമതല കേരള സര്‍ക്കാരിനെയാണ് വിചാരണക്കോടതി ഏല്പിച്ചിട്ടുള്ളത്. അതിനാല്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും പി.ഡി.പി.നേതാക്കള്‍ കൂടിക്കാഴ്ച നടത്തി ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കും. 10ന് കൊട്ടിയത്ത് സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഅദനിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗശയ്യയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനുമാണ് മഅദനിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് എത്തുന്ന മഅദനിയെ റോഡുമാര്‍ഗമാണ് കൊല്ലത്ത് എത്തിക്കുന്നതെങ്കില്‍ സ്വകാര്യ ആസ്​പത്രിയുടെ എല്ലാ സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ കൊണ്ടുവരാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആശ്രാമം മൈതാനത്ത് എത്തിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരിക്കും പാര്‍ട്ടിക്ക് സ്വീകാര്യം.
മഅദനിക്ക് ജാമ്യം ലഭ്യമാക്കുന്നതിന് സഹായിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയവരോടുള്ള നന്ദിയും പൂന്തുറ സിറാജ് പ്രകടിപ്പിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൊട്ടാരക്കര സാബു, ജില്ലാ സെക്രട്ടറി ഇക്ബാല്‍ കരുവ എന്നിവരും പങ്കെടുത്തു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.