Latest News

പറക്കും മുൻപേ എയർ കേരളയുടെ ചിറകരിയുന്നു

ന്യൂഡൽഹി: ഗള്‍ഫ് യാത്രക്കാരുടെ യാത്രാക്ളേശം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ‘എയര്‍ കേരള’ വിമാനക്കമ്പനിയുടെ കാര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ രണ്ടുതട്ടില്‍. കേരളത്തിന്റെ അപേക്ഷയും വ്യക്തമായ പദ്ധതിനിര്‍ദേശവുമില്ലാതെ അനുകൂലമായോ പ്രതികൂലമായോ കേന്ദ്രമന്ത്രിസഭക്ക് തീരുമാനമെടുക്കാനാവില്ലെന്ന് വ്യോമയാന മന്ത്രാലയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെത്തിയ മന്ത്രിസംഘത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മന്ത്രിമാര്‍ പുറത്തുപറഞ്ഞിട്ടില്ല.
വിമാനക്കമ്പനി തുടങ്ങാന്‍ അനുവദിക്കുമെന്ന് കേന്ദ്രത്തില്‍നിന്ന് ആദ്യം വ്യക്തമായ ഉറപ്പുകിട്ടണം, അതിനുശേഷം അപേക്ഷ നല്‍കാമെന്നാണ് കേരള സര്‍ക്കാറിന്റെ നിലപാട്. മന്ത്രിസഭയാണ് ഉറപ്പുനല്‍കേണ്ടത്. അപേക്ഷപോലും നല്‍കാതെ ഇത്തരമൊരു ഉറപ്പുവേണമെന്ന് ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്ന് കേരളത്തിലെ മന്ത്രിസംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യോമയാന മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
ഏതെങ്കിലും സംസ്ഥാനത്തിന് ഇപ്പോള്‍ സ്വന്തമായി വിമാനക്കമ്പനിയില്ല. ആദായകരമായ ഗള്‍ഫ് മേഖലയില്‍ കണ്ണുവെക്കുന്ന സ്വകാര്യ കമ്പനികള്‍ കേരളത്തിന്റെ പദ്ധതി അട്ടിമറിക്കാന്‍ സാധ്യതയേറെയുണ്ട്. ഗള്‍ഫ് മേഖലയില്‍ ഇതിനകം സ്വകാര്യ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഫലത്തില്‍ പറക്കുംമുമ്പേ ചിറകരിയാന്‍ പാകത്തില്‍ നില്‍ക്കുകയാണ് എയര്‍ കേരള പദ്ധതി.
വിപുല സന്നാഹങ്ങളുള്ള എയര്‍ ഇന്ത്യക്ക് കഴിയാത്തത് നടത്തി വിജയിപ്പിക്കാന്‍ കേരള സര്‍ക്കാറിന് കഴിയില്ലെന്ന മനോഭാവത്തോടെയാണ് കേരള പദ്ധതിയെ കേന്ദ്രം കാണുന്നത്. വന്‍തോതില്‍ മുതല്‍മുടക്കി വിമാനക്കമ്പനി കൊണ്ടുനടക്കുന്നത് പ്രയാസമായിരിക്കുമെന്ന് കേരളസംഘത്തെ സാങ്കേതിക വിദഗ്ധര്‍ ഉപദേശിച്ചു. എയര്‍ കേരളയുടെ സാധ്യതകള്‍ പരിശോധിച്ച് ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ചചെയ്ത ശേഷം വിവരമറിയിക്കാമെന്ന് വ്യോമയാന മന്ത്രി അജിത്സിങ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്താലേഖകരോട് വിശദീകരിച്ചത്. പുതിയ വിമാനക്കമ്പനിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന നിബന്ധനയില്‍, ചുരുങ്ങിയ ആസ്തി 100ല്‍നിന്ന് 50 കോടിയായി ചുരുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം കൊച്ചിയില്‍ നിലനിര്‍ത്താന്‍ പാകത്തില്‍ റിക്രൂട്ട്മെന്‍റ് നടപടികള്‍ മുന്നോട്ടു നീക്കുകയാണെന്നും കേരള സംഘത്തിന്‍െറ കൂടിക്കാഴ്ചക്കുശേഷം വ്യോമയാന മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങള്‍ ‘മാധ്യമ’ത്തോട് വിശദീകരിച്ചു. മുംബൈയില്‍നിന്ന് ജീവനക്കാര്‍ സ്ഥലംമാറ്റത്തിന് മടിക്കുന്നതാണ് പ്രധാന പ്രശ്നം. ഇതുകണക്കിലെടുത്ത് പുതിയ റിക്രൂട്ട്മെന്‍റ് നടത്തുന്നുണ്ട്. മേയ് 31നകം നെടുമ്പാശേരിയോ കൊച്ചി നഗരമോ കേന്ദ്രമാക്കി പൂര്‍ണതോതിലുള്ള ഓഫിസ് വരും.
നെടുമ്പാശേരി വിമാനത്താവളം ‘ഗേറ്റ്വേ’യാക്കി മാറ്റണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിച്ചു. ഒരു സങ്കല്‍പമെന്നല്ലാതെ, രേഖാപരമായി ഗേറ്റ്വേ ഇല്ല. ഗള്‍ഫില്‍നിന്നുള്ള യാത്രികരുടെ ഗേറ്റ്വേയായി കൊച്ചിയെ കാണണമെന്നാണ് ഉയര്‍ന്നുവരുന്ന നിര്‍ദേശം. ഗള്‍ഫ് യാത്രക്കാരുടെ പ്രധാന യാത്രാമാര്‍ഗം നെടുമ്പാശേരി വഴിയാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പല വിമാനക്കമ്പനികള്‍ ചേര്‍ന്ന് റൂട്ടുകള്‍ കൊച്ചിക്ക് ഊന്നല്‍ നല്‍കി ചാര്‍ട്ട് ചെയ്യുമ്പോഴാണ് ഗേറ്റ്വേ രൂപാന്തരപ്പെടുന്നത്. നിരക്ക് കുറയാനും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാനും ഇത് സ്വാഭാവികമായി വഴിയൊരുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.