Latest News

പ്രതിയുടെ മരണം: 60000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കരുനാഗപ്പള്ളി തൊടിയൂര്‍ ഉണ്ണികൃഷ്ണപിള്ള മരിക്കാനിടയായ സംഭവത്തില്‍ കുടുംബത്തിന് അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവായി. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ സിന്ധുമോള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2011 ആഗസ്ത് 15നാണ് ഉണ്ണികൃഷ്ണപിള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വൃക്ക തകരാര്‍ കാരണമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 34 വയസ്സുള്ള പിള്ള ജയിലില്‍ പോകുന്നതുവരെ പൂര്‍ണ ആരോഗ്യവാനായിരുന്നെന്ന് സിന്ധുമോള്‍ പറഞ്ഞു. പിള്ളയ്ക്ക് വൃക്കരോഗം ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലും ജയിലിലും ഉണ്ടായ മര്‍ദനവും ചികിത്സയിലെ പിഴവുമാണ് മരണകാരണമെന്ന് സിന്ധുമോള്‍ ആരോപിച്ചു. കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയിരുന്നു. പിള്ളയ്ക്ക് വൃക്കതകരാര്‍ ഉണ്ടായത് ആസ്​പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
പിള്ളയെ ദേഹോപദ്രവമേല്‍പ്പിച്ചതിന്റെ തെളിവുകള്‍ ലഭ്യമല്ലെങ്കിലും അറസ്റ്റ് ഉണ്ടാകുമ്പോള്‍ പിള്ള പൂര്‍ണ ആരോഗ്യവാനായിരുന്നതായി ജസ്റ്റിസ് ജെ.ബി.കോശി നിരീക്ഷിച്ചു. ഒരു മാസം കൊണ്ടാണ് പിള്ളയ്ക്ക് വൃക്കരോഗമുണ്ടായത്. ഇത് ദേഹോപദ്രവത്തിന്റെ ഫലമാണെന്ന് കരുതുന്നതായി ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
ഭാര്യയ്ക്ക് 20,000 രൂപയും രണ്ട് മക്കള്‍ക്ക് 40,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ വിധിന്യായത്തില്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.