Latest News

കാസര്‍കോട്-കാഞ്ഞങ്ങാട് നാലുവരിപ്പാത: ശിലാസ്ഥാപനം ഏപ്രിലില്‍

കാഞ്ഞങ്ങാട്: ദേശസാത്കൃത റൂട്ടായ കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി റോഡിന്റെ നവീകരണത്തിനു പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി.
28 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോഡ് നാലുവരിയാക്കാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഏപ്രില്‍ ആദ്യവാരത്തോടെ ആരംഭിക്കുന്നതിനുളള സാങ്കേതിക നടപടികളെല്ലാം പൂര്‍ത്തിയായി.
ഇപ്പോഴത്തെ കണക്കനുസരിച്ച് 130 കോടിയിലേറെ രൂപ പാതയുടെ നവീകരണത്തിനു വേണ്ടി വരുമെന്നാണു ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. പൊതുമരാമത്ത് മന്ത്രിയുടെ തീയതി ലഭിച്ചാലുടന്‍ റോഡിന്റെ ശിലാസ്ഥാപനം നടക്കും.
ലോകബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപി തയ്യാറാക്കിയ പദ്ധതി പ്രകാരമാണു ദേശസാത്കൃത റൂട്ടായ ചന്ദ്രഗിരി വീതികൂട്ടി വികസിപ്പിക്കുന്നത്. നിര്‍മാണ പ്രവൃത്തികളുടെ കരാര്‍ ടെണ്ടര്‍ ആന്ധ്രാപ്രദേശിലെ ആര്‍ഡിഎസ് കമ്പനിയാണ് ഏറ്റെടുത്തത്. ഇവരുമായി കെഎസ് ടി പി അധികൃതര്‍ ഉടമ്പടിയില്‍ ഒപ്പിട്ടു കഴിഞ്ഞു.
കാലവര്‍ഷത്തില്‍ തകര്‍ന്നു തോടായി മാറുകയും കാല്‍നടയാത്ര പോലും ദുഷ്‌കരമാവുകയും ചെയ്യുന്ന ചന്ദ്രഗിരി റോഡ് വികസനത്തിനായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ നേരത്തേ തന്നെ സ്ഥലം അക്വയര്‍ ചെയ്തിരുന്നു.
സ്ഥലമേറ്റെടുത്ത കെഎസ്ടിപി അധികൃതര്‍ അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും സ്ഥലത്തു കല്ലിട്ടു മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു. 28 കിലോമീറ്ററിനിടയില്‍ പ്രധാനമായും നിലവില്‍ 69 ലിങ്ക് റോഡ് ജംഗ്ഷനുകളുണ്ട്. റോഡ് നാലുവരി പാതയായി വികസിക്കുന്നതനുസരിച്ച് ഈ ജംഗ്്ഷനുകളില്‍ റോഡ് നിയമമനുസരിച്ചുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും.
നിലവിലുള്ള ബസ് ഷെല്‍ട്ടറുകള്‍ മുഴുവനും പൊളിച്ചുനീക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുതായി 43 ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കും. റോഡ് വികസനത്തിന് തടസമാകുന്ന 158 മരങ്ങള്‍ പൂര്‍ണമായും മുറിച്ചുനീക്കുന്നുന്നതിനും നടപടിയെടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട പുഴ, ടൗണ്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, നിശബ്ദ ഏരിയ എന്നിവിടങ്ങളിലായി 20 സൂചനാ ബോര്‍ഡുകളാണ് സ്ഥാപിക്കുക.
ഭാവിയിലെ വാഹനപ്പെരുപ്പവും ജനസംഖ്യാ വര്‍ധനവും മറ്റു അടിസ്ഥാന സൗകര്യങ്ങളും മുന്നില്‍ക്കണ്ടുളള സമഗ്രവികസനമാണ് ചന്ദ്രഗിരി പാത നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാവുന്ന ചളിയങ്കോട്, കോട്ടരുവം ഭാഗങ്ങളില്‍ റോഡ് കൂടുതല്‍ വികസിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ റോഡ് വീതി 14 മീറ്ററായിരിക്കും. റോഡ് വീതി കൂട്ടുന്നതോടൊപ്പം ഇരു ഭാഗത്തും വെളളമൊഴുകി പോകുന്നതിനായി ഡ്രൈയിനേജ് സൗകര്യമൊരുക്കും. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും ജില്ലാ ആസ്ഥാനമായ കാസര്‍കോടുമായി ബന്ധപ്പെടുന്നതിന് ഏറ്റവും എളുപ്പമാര്‍ഗമാണ് ചന്ദ്രഗിരി പാത. എന്നാല്‍ കാലവര്‍ഷത്തിലും മറ്റും റോഡു തകര്‍ന്നതോടെ യാത്രക്കാര്‍ക്ക് ഇതുവഴിയുളള യാത്രയും ഏറെ ദുരിതപൂര്‍ണമാവുകയാണ്.
ലോകബാങ്കിന്റെ സഹായത്തോടെയുളള റോഡ് നവീകരണത്തോടെ ചന്ദ്രഗിരിപ്പാത ഈ പദ്ധതി പ്രധാനമായും ബേക്കല്‍ ടൂറിസം മേഖലയെയും ഏഴിമല നാവിക അക്കാദമിയെയും മംഗലാപുരം വിമാനത്താവളത്തെയും തമ്മില്‍ ബന്ധപ്പെടുത്താനുള്ള പാതയായി മാറും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.