Latest News

ചിതയെരിയുന്ന മനസുമായി അമല്‍ പരീക്ഷയെഴുതി

നെടുങ്കണ്ടം: പിതാവിന്റെ ചിതയ്ക്കരികില്‍നിന്നു വേദന ഉള്ളിലൊതുക്കി അമല്‍കുമാര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തി. ഞായറാഴ്ച രാവിലെ മരിച്ച ബാലന്‍പിള്ള സിറ്റി കളരിക്കല്‍ സുരേഷ്‌കുമാറിന്റെ ചിതയ്ക്കു തീകൊളുത്തിയശേഷം അമല്‍കുമാര്‍ എത്തിയത് രാമക്കല്‍മേട് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ പരീക്ഷാഹാളിലേക്കാണ്.
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പിതാവിന്റെ ഓര്‍മകളും പേറിയെത്തിയ അമല്‍കുമാര്‍ പരീക്ഷാഹാളിനെയും ശോകമൂകമാക്കി. തിരുവനന്തപുരം ആയൂരില്‍ ക്രഷര്‍ യൂണിറ്റിലെ ഡ്രൈവറായിരുന്ന സുരേഷ്‌കുമാര്‍ ഞായറാഴ്ച രാവിലെയാണു ഹൃദയാഘാതംമൂലം മരിച്ചത്. വൈകുന്നേരത്തോടെ വീട്ടിലെത്തിയ മൃതദേഹം തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണു ദഹിപ്പിച്ചത്. ഇടത്തരം കുടുംബത്തിലെ അംഗമായ സുരേഷ് കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്കാവശ്യമായ എല്ലാക്കാര്യങ്ങളും വേണ്ട രീതിയില്‍ നല്‍കിയിരുന്നു. തിരക്കിനിടയിലും പത്താംക്ലാസുകാരനായ അമല്‍കുമാറിന്റെ പഠനകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്നലെ വരെ സ്‌നേഹലാളനങ്ങള്‍ നല്കിയ പിതാവ് ഓര്‍മയായി തീരുമ്പോള്‍ അമലിനു സങ്കടം അടക്കാനായില്ല. അമലിനെ പരീക്ഷയെഴുതിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ അഭ്യര്‍ഥന അമ്മ സുമയും മറ്റു ബന്ധുക്കളും അംഗീകരിച്ചതോടെ കുട്ടിയെ സ്‌കൂളിലെത്തിക്കുകയായിരുന്നു.
ഹെഡ്മിസ്ട്രസ് ഏലിക്കുട്ടിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഒന്നടങ്കം സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുത്തതിനുശേഷമാണ് ഇവര്‍തന്നെ അമലിനെ സ്‌കൂളിലെത്തിച്ചത്. അമലിന്റെ മനസിനു ധൈര്യം പകര്‍ന്നു ഇവര്‍ പരീക്ഷാഹാളിലേക്കു പറഞ്ഞുവിടുകയായിരുന്നു. ക്ലാസ് ടീച്ചര്‍ ആന്‍സമ്മ തോമസും അമലിനു സാന്ത്വനവും ധൈര്യവും പകര്‍ന്നുനല്‍കി.
മനഃപാഠമാക്കിയ പാഠഭാഗങ്ങള്‍ ഉത്തരക്കടലാസിലേക്കെഴുതുമ്പോഴും പിതാവിന്റെ പുഞ്ചിരിതൂകുന്ന മുഖമായിരുന്നു അമലിന്റെ മനസുനിറയെ. സഹോദരന്‍ അലന്റു ഈ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്.
(ദീ­പിക)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.